ഡല്‍ഹിയില്‍ നോണ്‍ BS6 വാഹനങ്ങള്‍ക്ക് പ്രവേശനമില്ല, PUC സര്‍ട്ടിഫിക്കറ്റില്ലാതെ ഇന്ധനവും ഇല്ല

വ്യാഴാഴ്ച മുതല്‍ ഡല്‍ഹിക്ക് പുറത്ത് നിന്ന് വരുന്ന BS6 വാഹനങ്ങള്‍ക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ. മലിനീകരണ നിയന്ത്രണ (PUC) സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പമ്പുകളില്‍നിന്ന് ഇന്ധനം നിറക്കാന്‍ അനുമതിയുണ്ടാകില്ല.

author-image
Biju
New Update
DELHI VAYU 2

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു. മലിനീകരണ നിയന്ത്രണ (PUC) സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കുകയും നഗരത്തിന് പുറത്ത് നിന്നുള്ള നോണ്‍-BS6 വാഹനങ്ങള്‍ക്ക് (BS6 അല്ലാത്ത) പ്രവേശനം നിയന്ത്രിക്കുകയും ചെയ്യും.

പരിസ്ഥിതി മന്ത്രി മന്‍ജിന്ദര്‍ സിങ് സിര്‍സയാണ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നടപടികള്‍ പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ ഗുരുതരമായ അവസ്ഥയില്‍ വായു നിലവാരം തുടരുന്നതിനിടയിലാണ് ഈ നടപടികള്‍.

വാഹന നിയന്ത്രണങ്ങളില്‍ അനുമതിയുള്ളതും ഇല്ലാത്തതും

വ്യാഴാഴ്ച മുതല്‍ ഡല്‍ഹിക്ക് പുറത്ത് നിന്ന് വരുന്ന BS6 വാഹനങ്ങള്‍ക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ. മലിനീകരണ നിയന്ത്രണ (PUC) സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പമ്പുകളില്‍നിന്ന് ഇന്ധനം നിറക്കാന്‍ അനുമതിയുണ്ടാകില്ല.

ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള മറ്റ് പഴയ വാഹനങ്ങള്‍ക്കെല്ലാം ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. അനുയോജ്യമായ വാഹനങ്ങളുള്ള താമസക്കാര്‍ക്ക് നഗരത്തിനകത്ത് സാധാരണ യാത്രയും ഇന്ധനം നിറയ്ക്കലും തുടരാം. പ്രവേശന കവാടങ്ങളിലും പമ്പുകളിലും കര്‍ശനമായ പരിശോധന ഉണ്ടാകും.

PUC ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കും

PUC നിയമം പാലിക്കാന്‍ വാഹന ഉടമകള്‍ക്ക് ഒരു ദിവസം സമയം നല്‍കിയിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി മന്‍ജിന്ദര്‍ സിങ് സിര്‍സ പറഞ്ഞു. സാധുവായ PUC സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. PUC ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിലൂടെ സര്‍ക്കാര്‍ കര്‍ശനമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

മലിനീകരണം കുറയ്ക്കാനായി പൊതുഗതാഗതത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഡല്‍ഹിയില്‍ 7,500 ഇലക്ട്രിക് ബസുകള്‍ വിന്യസിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും സിര്‍സ പറഞ്ഞു. ഫലപ്രദമായ മലിനീകരണ നിയന്ത്രണ നടപടികള്‍ നിര്‍ദേശിക്കാന്‍  കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ഡല്‍ഹി GRAP-4 നിയന്ത്രണങ്ങള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയിലേയും ദേശീയ തലസ്ഥാന മേഖലയിലേയും അധികൃതര്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനില്‍ (GRAP-4) ഏറ്റവും കര്‍ശനമായ മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വായുവിന്റെ നിലവാരം ഗുരുതരമായ രീതിയില്‍ അതിവേഗം വഷളായതിനെ തുടര്‍ന്നാണിത്.

ഇത് അടിയന്തര നടപടികള്‍ക്ക് കാരണമായി. ഹെവി വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുക, വര്‍ക്ക്-ഫ്രം-ഹോം നിര്‍ദേശങ്ങളോടെ ഓഫീസ് ഹാജര്‍ കുറയ്ക്കുക, സ്‌കൂള്‍ ക്ലാസുകള്‍ ഹൈബ്രിഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ മോഡുകളിലേക്ക് മാറ്റുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.