ഡല്‍ഹി സ്‌ഫോടന തീവ്രവാദി ഡോക്ടറെ ജയിലില്‍ പഞ്ഞിക്കിട്ടു

ഗുരുതരമായ പരിക്കേറ്റ അഹമ്മദ് സയ്യിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിനുള്ളില്‍ വെച്ച് മൂന്ന് വിചാരണ തടവുകാര്‍ ചേര്‍ന്നാണ് ഈ തീവ്രവാദി ഡോക്ടറെ കയ്യേറ്റം ചെയ്തത്.

author-image
Biju
New Update
delhi

ഗാന്ധി നഗര്‍ : റിസിന്‍ കെമിക്കല്‍ വിഷം നിര്‍മ്മിച്ച് രാജ്യത്ത് വലിയൊരു കൂട്ടക്കൊല പദ്ധതിയിട്ട തീവ്രവാദി ഡോക്ടര്‍ക്ക് ജയിലില്‍ ക്രൂരമര്‍ദ്ദനം. നവംബര്‍ 8 ന് ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തിരുന്ന ഡോ. അഹമ്മദ് മൊഹിയുദ്ദീന്‍ സയ്യിദിനാണ് ഗുജറാത്തിലെ സബര്‍മതി ജയിലില്‍ വെച്ച് ക്രൂരമായ മര്‍ദ്ദനമേറ്റത്. ജയിലിലെ സഹതടവുകാര്‍ കൂട്ടത്തോടെ ഇയാളെ ആക്രമിക്കുകയായിരുന്നു എന്നാണ് ജയില്‍ വകുപ്പ് വ്യക്തമാക്കുന്നത്.

ഗുരുതരമായ പരിക്കേറ്റ അഹമ്മദ് സയ്യിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിനുള്ളില്‍ വെച്ച് മൂന്ന് വിചാരണ തടവുകാര്‍ ചേര്‍ന്നാണ് ഈ തീവ്രവാദി ഡോക്ടറെ കയ്യേറ്റം ചെയ്തത്. സംഘര്‍ഷത്തെത്തുടര്‍ന്ന്, സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ ലോക്കല്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു.

അജ്ഞാതമായ കാരണത്താലാണ് വിചാരണ തടവുകാര്‍ തമ്മില്‍ വഴക്കുണ്ടായത് എന്നാണ് ജയില്‍ വകുപ്പ് സൂചിപ്പിക്കുന്നത്. തുടര്‍ന്ന് മറ്റ് വിചാരണ തടവുകാരായ മൂന്നു പേര്‍ ചേര്‍ന്ന് തീവ്രവാദി ഡോക്ടര്‍ അഹമ്മദ് സയ്യിദിനെ മാരകമായ രീതിയില്‍ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മാത്രം സബര്‍മതി സെന്‍ട്രല്‍ ജയിലിലേക്ക് എത്തിയവരാണ് തീവ്രവാദി ഡോക്ടറെ ആക്രമിച്ച വിചാരണ തടവുകാര്‍ എന്നും ജയില്‍ വകുപ്പ് അറിയിച്ചു.