അഹമ്മദാബാദ് സ്‌ഫോടനക്കേസ് പ്രതി പഠിച്ചത് അല്‍ ഫലാഹില്‍

ഇക്കാര്യം കണ്ടെത്തിയതിനു പിന്നാലെ, ഭീകരരുടെ പട്ടികയില്‍ ഇയാളുടെ പേരും അന്വേഷണസംഘം ചേര്‍ത്ത് പരിശോധന വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

author-image
Biju
New Update
al

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ പുതിയ വഴിത്തിരിവ്. 2008-ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരകളിലും 2007-ലെ ഗൊരഖ്പുര്‍ സ്‌ഫോടനക്കേസിലും പ്രതിയായ മിര്‍സ ഷദാബ് ബെയ്ഗ്, അല്‍ ഫലാഹ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി ആയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഇന്ത്യന്‍ മുജാഹിദീന്‍ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മിര്‍സ ഷദാബ് ബെയ്ഗ് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്നാണ് ബിടെക് പൂര്‍ത്തിയാക്കിയത്. ഇക്കാര്യം കണ്ടെത്തിയതിനു പിന്നാലെ, ഭീകരരുടെ പട്ടികയില്‍ ഇയാളുടെ പേരും അന്വേഷണസംഘം ചേര്‍ത്ത് പരിശോധന വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അഹമ്മദാബാദ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മിര്‍സ ഷദാബ് ബെയ്ഗിന്റെ അല്‍ ഫലാഹ് ബന്ധം അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. ചെങ്കോട്ടയിലെ സ്‌ഫോടനത്തിനു പിന്നാലെ അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പരിശോധന നടന്നുവരികയാണ്. ഇതിനിടെയാണ് മറ്റൊരു പ്രതിയുടെ വിവരം കൂടി അന്വേഷണസംഘത്തിന്റെ പരിധിയില്‍ എത്തുന്നത്. എന്നാല്‍, ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ ഇയാളുടെ പങ്ക് എന്ത് എന്നതോ മറ്റു വിവരങ്ങളോ ഔദ്യോഗികമായി അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.

അസംഗഢ് ജില്ലയിലെ ബരിദി കാല്‍ഗഞ്ച് ഗ്രാമത്തില്‍ നിന്നുള്ളയാളാണ് മിര്‍സ ഷദാബ് ബെയ്ഗ്. 2007-ലാണ് ഇയാള്‍ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്ങിന് ചേരുന്നത്. ഇയാള്‍ രാജ്യത്തുടനീളം അഞ്ചോളം സ്‌ഫോടനങ്ങള്‍ നടത്തിയതായാണ് ആരോപിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ഇയാള്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാലയില്‍ ജോലിചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന പത്തുപേരെ കാണാനില്ലെന്നാണ് വിവരം. പത്തുപേരുടെയും മൊബൈല്‍ ഫോണുകള്‍ സിച്ച്ഓഫാണ്ഇവര്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) നിഗമനം.

പാകിസ്താന്‍ ആസ്ഥാനമായ ഭീകരസംഘടന ജെയ്ഷെ മുഹമ്മദ്, ഇന്ത്യയില്‍ ചാവേറാക്രമണം നടത്താന്‍ 'സദാപേ' എന്ന വാലറ്റ് ആപ്പിലൂടെ 20,000 പാക് രൂപവീതം സംഭാവന ആവശ്യപ്പെട്ടതായും അന്വേഷണസംഘം കണ്ടെത്തി. ഉമര്‍ നബിയുടേതടക്കം ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരം ലഭിച്ചത്. ചാവേറാക്രമണത്തെ മതത്തിലെ ഏറ്റവും മഹത്തരമായ പ്രവൃത്തിയായി ഉമര്‍ വീഡിയോ ചെയ്ത് ഫോണില്‍ സൂക്ഷിച്ചതിനു പുറമേ ഇത് 11 വ്യക്തികള്‍ക്ക് അയച്ചതായും സ്ഥിരീകരിച്ചു. ചാവേറാക്രമണവും ഭീകരാക്രമണവും വിഷയമായ എഴുപതിലധികം വീഡിയോകള്‍ ഉമറിന്റെ ഫോണില്‍നിന്ന് ഫൊറന്‍സിക് സംഘം വേര്‍തിരിച്ചതായാണ് വിവരം.