ഡല്‍ഹി സ്ഫോടനം: ഐ 20 കാര്‍ മൂന്ന് മണിക്കൂറോളം ചെങ്കോട്ടയ്ക്ക് സമീപം

സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ടയോട് ചേര്‍ന്നുള്ള പാര്‍ക്കിംങ് ഏരിയയില്‍ പ്രവേശിക്കുന്നുണ്ട്. മൂന്ന് മണിക്കൂറോളം കാര്‍ പാര്‍ക്കിംങ് ഏരിയയില്‍ ഉണ്ട്.

author-image
Biju
New Update
dd 10

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്ത് സ്ഫോടനം ഉണ്ടായ കാറിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ഫോടനത്തിന് മുമ്പ് ഏകദേശം മൂന്ന് മണിക്കൂറോളം ഹ്യുണ്ടായ് ഐ20 കാര്‍ ചെങ്കോട്ടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. 

സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ടയോട് ചേര്‍ന്നുള്ള പാര്‍ക്കിംങ് ഏരിയയില്‍ പ്രവേശിക്കുന്നുണ്ട്. മൂന്ന് മണിക്കൂറോളം കാര്‍ പാര്‍ക്കിംങ് ഏരിയയില്‍ ഉണ്ട്. വൈകിട്ട് 6.48-ഓടെ കാര്‍ പാര്‍ക്കിംങ് ഏരിയയില്‍ നിന്ന് പുറത്തേക്കിറങ്ങുന്നു. ഈ സമയം പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കുള്ളതും സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. 

ദാര്യ ഗഞ്ച്, ചെങ്കോട്ട പ്രദേശം, കശ്മീരി ഗേറ്റ്, സുനേരി മസ്ജിദ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലും കാര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ പരിശോധനകള്‍ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് സംഘം പരിശോധിക്കുകയാണ്. ഇതിനുപുറമേ ബോംബ് നീര്‍വീര്യ വിദഗ്ധരും സ്ഥലത്ത് പരിശോധനകള്‍ നടത്തിവരികയാണ്. നേരത്തെ കാറില്‍ ഒന്നിലധികം പേരുണ്ടായിരുന്നെന്ന് ഡല്‍ഹി സിറ്റി പോലീസ് കമ്മിഷണര്‍ സതീഷ് ഗോല്‍ച വ്യക്തമാക്കിയിരുന്നു. 

അതേസമയം, ചെങ്കോട്ടയിലെ പാര്‍ക്കിംങ് സ്ഥലത്ത് എത്തുന്നതിന് മുമ്പേയുള്ള കാറിന്റെ സഞ്ചാരപഥം കണ്ടെത്തുന്നതിന് സ്‌പെഷ്യല്‍ സെല്‍, ക്രൈം ബ്രാഞ്ച്, ദേശീയ അന്വേഷണ ഏജന്‍സി എന്നിവയില്‍ നിന്നുള്ള ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും ടോള്‍ പ്ലാസകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. 

കാറിന്റെ ഉടമസ്ഥനെ സംബന്ധിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. നേരത്തെ കാറിന്റെ ആദ്യത്തെ ഉടമയെ പോലീസ് കണ്ടെത്തിയിരുന്നു. ഹരിയാന ഗുഡ്ഗാവ് സ്വദേശിയായിരുന്നു കാറിന്റെ ആദ്യത്തെ ഉടമ. ഇയാള്‍ കാര്‍ വിറ്റെന്നും നിലവില്‍ ഒന്നിലധികം തവണ കാര്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

ഗുഡ്ഗാവ് നിവാസിയില്‍ നിന്ന് കാര്‍ ആദ്യം വാങ്ങിയത് ഓഖ്‌ലയിലുള്ള വ്യക്തിയാണ്. ഇയാള്‍ പിന്നീട് അംബാലയിലുള്ള മറ്റൊരു വ്യക്തിക്ക് കാര്‍ കൈമാറിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. നിലവിലെ കാറിന്റെ ഉടമയെ കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ അന്വേഷണ സംഘം തുടരുകയാണ്. ചെങ്കോട്ടയ്ക്ക് സമീപത്തെ മെട്രോ ഗേറ്റിന് സമീപത്തുള്ള റെഡ് സിഗ്നലില്‍ എത്തിയപ്പോള്‍ കാര്‍ പതിയെ നിര്‍ത്തുകയായിരുന്നെന്നും ഇതിനുപിന്നാലെയാണ് സ്‌ഫോടനം ഉണ്ടായതെന്നും പറഞ്ഞു.

delhi blast