/kalakaumudi/media/media_files/2025/11/11/dd-11-2025-11-11-06-43-53.jpg)
ന്യൂഡല്‍ഹി: ഒരു പതിവ് തിങ്കളാഴ്ചയ്ക്കപ്പുറം പ്രത്യേകതകളൊന്നുമില്ലാതെ അവസാനിക്കേണ്ട ഒരു പകലിന്റെ അവസാനമണിക്കൂറുകള്‍ ഡല്‍ഹിയെ മാത്രമല്ല രാജ്യത്തെ ഒന്നാകെ ഭയപ്പെടുത്തിയിരിക്കുകയാണ്. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തില്‍ ഇതുവരെ നഷ്ടമായത് പതിമൂന്ന് ജീവനുകളാണ്. കൊല്ലപ്പെട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞതായാണ് സൂചന. നിരവധി ആളുകളാണ് ഗുരുതര പരിക്കുകളോടെ ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
സ്‌ഫോടനമുണ്ടായതിന് പിന്നാലെ റോഡില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടുവെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പ്രതികരിച്ചു. 'വലിയൊരു ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായത്. തീഗോളത്തിനിടയിലൂടെ ശരീരഭാഗങ്ങള്‍ ദൂരേക്ക് തെറിച്ചുപോകുന്നത് കണ്ടു. ആരൂടെയോ കൈ തെറിച്ചുപോകുന്നതാണ് കണ്ടത്. ഭയന്ന് സ്തംഭിച്ചു പോയി. എന്താണ് ഉണ്ടായതെന്ന് പോലും മനസിലായില്ല.'- സ്ഫോടനത്തിന്റെ ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
ഉഗ്രസ്‌ഫോടനം ഉണ്ടായതിന് പിന്നാലെ ആ നിമിഷം തങ്ങളെല്ലാം കൊല്ലപ്പെടുമെന്ന് തോന്നിയതായി സ്ഫോടനം ഉണ്ടായ സ്ഥലത്തിന് സമീപം കട നടത്തുന്ന ഒരാള്‍. 'എന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്രയും വലിയ ശബ്ദമുള്ള സ്‌ഫോടനം ഞാന്‍ കേട്ടിട്ടില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഞാന്‍ മൂന്ന് തവണ വീണുപോയി. എല്ലാവരും മരിച്ചുപോകുമെന്ന് തോന്നി.'- കടയുടമ ഭീതികലര്‍ന്ന ശബ്ദത്തില്‍ പറയുന്നു.
സ്ഫോടനത്തിന്റെ ശബ്ദം രണ്ടരകിലോമീറ്റര്‍ ദൂരെ വരെ കേട്ടെന്ന പ്രദേശവാസികള്‍ പറയുന്നു. പടക്കം പൊട്ടിയതാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് ബോംബ് സ്ഫോടനമാണെന്ന് മനസ്സിലായതെന്നും അവര്‍ പറയുന്നു.
ചെങ്കോട്ട മെട്രോസ്റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാര്‍ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂര്‍ണമായും തകര്‍ന്നു. മുപ്പതികലധികം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
