/kalakaumudi/media/media_files/2025/11/11/dd-13-2025-11-11-08-33-49.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം സംബന്ധിച്ച അന്വേഷണം ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ടാണു പുരോഗമിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബ പോലുള്ള ഭീകരവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം സംശയിക്കുന്നു. ഒക്ടോബര്‍ 30-ന് പാകിസ്ഥാനില്‍ നിന്നുള്ള ലഷ്‌കര്‍ കമാന്‍ഡര്‍ സൈഫുള്ള സെയ്ഫ് പുറത്തുവിട്ട ഒരു വീഡിയോ സന്ദേശം അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്.
ഈ വീഡിയോയില്‍, ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയീദ് ബംഗ്ലാദേശിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി സൈഫുള്ള സെയ്ഫ് അവകാശപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ ഭീകരര്‍ ഇതിനോടകം എത്തുകയും 'ഓപ്പറേഷന്‍ സിന്ദൂറി'ന് പകരമായി പ്രതികാരം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും സൈഫ് വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ അവകാശവാദം ശരിവെക്കുന്ന തരത്തില്‍, പാകിസ്ഥാനില്‍ നിന്ന് ലഷ്‌കര്‍ ഭീകരവാദികള്‍ ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സംശയിക്കുന്നു.
നേരത്തെ, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഈ വിവരവും നിലവിലെ സ്‌ഫോടനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) അടക്കമുള്ള അന്വേഷണ സംഘങ്ങള്‍ വിശദമായ പരിശോധനകളിലൂടെ സ്‌ഫോടനത്തിനു പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചന കണ്ടെത്താനുള്ള ശ്രമത്തിലാണ്.
രാജ്യത്തെ നടുക്കിയ ഈ സ്‌ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവത്തിന്റെ വിശദമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്താനും ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാനും അധികൃതര്‍ പ്രതിജ്ഞാബദ്ധരാണ്.
അതേസമയം, ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാര്‍ ഹരിയാന രജിസ്ട്രേഷനിലുള്ളതെന്ന് വ്യക്തമായി. കാര്‍ രജിസ്റ്റര്‍ ചെയ്ത ഗുഡ്ഗാവ് സ്വദേശിയെ പോലീസ് ചോദ്യം ചെയ്തു വരികയാണൈന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.താന്‍ വാഹനം മറ്റൊരാള്‍ക്ക് വിറ്റതായി ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നിലവിലെ ഉടമയെ കണ്ടെത്താനായി പോലീസ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.
കാര്‍ ഒന്നിലധികം കൈകള്‍ മാറിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഗുഡ്ഗാവ് സ്വദേശിയില്‍ നിന്ന് ആദ്യം ഓഖ്ലയിലുള്ള ഒരാള്‍ക്കും, പിന്നീട് അയാളില്‍ നിന്ന് അംബാല സ്വദേശിക്കുമായിരിക്കാം കാര്‍ വിറ്റതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
