പാകിസ്ഥാനില്‍ നിന്നുള്ള ലഷ്‌കര്‍ തീവ്രവാദികള്‍ ബംഗ്ലാദേശിലേക്ക് നീങ്ങിയെന്ന് റിപ്പോര്‍ട്ട്

ഐഎസ് സംഘടനയും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായുള്ള മുന്‍വിവരങ്ങള്‍ക്കും ഇപ്പോഴത്തെ സംഭവവുമായി ബന്ധമുണ്ടോ എന്നത് പരിശോധിക്കുകയാണ്.

author-image
Biju
New Update
dd 15

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി ദില്ലി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവര്‍ ദില്ലി, യുപി സ്വദേശികളാണെന്നാണ് വിവരം. ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തിന് പിന്നില്‍ ഭീകരശക്തികളുടെ പങ്ക് തള്ളിയിട്ടില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പ്രാഥമികമായി എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

അതേസമയം, സ്‌ഫോടനത്തിന് പിന്നാലെ ചര്‍ച്ചയാകുന്നത് ലഷ്‌കര്‍-എ-തൊയ്ബാ കമാന്‍ഡര്‍ പുറത്തുവിട്ട ഒരു വീഡിയോയാണ്. പാകിസ്താനിലെ ഖൈര്‍പൂര്‍ തമേവാലിയില്‍ നിന്നുള്ള ലഷ്‌കര്‍-എ-തൊയ്ബാ കമാന്‍ഡര്‍ സൈഫുള്ള സെയ്ഫ് ഒക്ടോബര്‍ 30-ന് പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഗൗരവമായി പരിശോധിക്കുന്നത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' ന് പകരംവീട്ടാനുള്ള നീക്കം സംഘടന നടത്തുന്നെന്നും ഇയാള്‍ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. ലഷ്‌കര്‍ തലവന്‍ ഹാഫിസ് സെയ്ദ് ബംഗ്ലാദേശ് വഴിയാണ് ഇന്ത്യയ്ക്കെതിരെ പുതിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് സൈഫ് വ്യക്തമാക്കിയിരുന്നു.

ഈ പ്രസ്താവനയ്ക്ക് പിന്നാലെ, പാകിസ്താനില്‍ നിന്നുള്ള ലഷ്‌കര്‍ തീവ്രവാദികളെ ബംഗ്ലാദേശിലേക്ക് നീക്കിയതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിലയിരുത്തുന്നു. അതേസമയം, ഐഎസ് സംഘടനയും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായുള്ള മുന്‍വിവരങ്ങള്‍ക്കും ഇപ്പോഴത്തെ സംഭവവുമായി ബന്ധമുണ്ടോ എന്നത് പരിശോധിക്കുകയാണ്.

എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ സംയുക്തമായി നടത്തുന്ന അന്വേഷണത്തിലൂടെ സ്ഫോടനത്തിന് പിന്നിലെ യഥാര്‍ത്ഥ ആസൂത്രണം ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. കാറിലുണ്ടായിരുന്നത് മൂന്നുപേരാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, ചെങ്കോട്ടയിലെ പാര്‍ക്കിങില്‍ പുറത്തേക്ക് വരുന്ന കാറില്‍ ഡ്രൈവിങ് സീറ്റില്‍ മാത്രമാണ് ഒരാളെ കാണുന്നത്. ഇതിനാല്‍ സ്‌ഫോടനം നടക്കുമ്പോള്‍ കാറില്‍ ഒരാള്‍ മാത്രമാണോ ഉണ്ടായിരുന്നതെന്നും സംശയിക്കുന്നുണ്ട്.

കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റാണെന്നാണ് സൂചന. തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്നാണ് വിവരം. ട്രാഫിക്ക് സിഗ്‌നല്‍ കാരണം വണ്ടി നിര്‍ത്തേണ്ടി വന്നതോടെയാണ് മാര്‍ക്കറ്റിന് സമീപത്തേക്ക് കാര്‍ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സ്‌ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

delhi blast