അല്‍ഫലാഹ് യൂണിവേഴ്സിറ്റി നിയമവിരുദ്ധമായി സമ്പാദിച്ചത് 425 കോടി

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി റിട്ടേണുകളും (ഐടിആര്‍) ഒരൊറ്റ പാന്‍ നമ്പറിന് കീഴിലാണെന്ന് കണ്ടെത്തി

author-image
Biju
New Update
al falah

ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സംശയനിഴലിലായ ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട ചാരിറ്റബിള്‍ ട്രസ്റ്റിലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും വ്യാപക ക്രമക്കേടുകള്‍. വ്യാജ അക്രെഡിറ്റേഷന്‍ കാണിച്ച് സ്ഥാപനങ്ങള്‍ വന്‍ ലാഭമുണ്ടാക്കിയതായി വിവരങ്ങളുണ്ട്. വ്യാജ അവകാശവാദങ്ങളിലൂടെ ഏകദേശം 415 കോടി രൂപ ട്രസ്റ്റ് സമ്പാദിച്ചതായി ഇഡി വ്യക്തമാക്കി. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുമ്പോഴും സര്‍വകലാശാല വിദ്യാര്‍ത്ഥികളില്‍ നിന്ന് മുഴുവന്‍ ഫീസും ഈടാക്കിയിരുന്നുവത്രേ.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി റിട്ടേണുകളും (ഐടിആര്‍) ഒരൊറ്റ പാന്‍ നമ്പറിന് കീഴിലാണെന്ന് കണ്ടെത്തി. ഇത് സാമ്പത്തിക നിയന്ത്രണം ഒരു ട്രസ്റ്റില്‍ മാത്രമായി നിക്ഷിപ്തമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. 

2014-15 മുതലുള്ള ഐടിആറുകളുടെ പരിശോധനയില്‍ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. ഐടിആര്‍ പ്രകാരം 2014-15, 2015-16 വര്‍ഷങ്ങളില്‍ യഥാക്രമം 30.89 കോടി രൂപയും 29.48 കോടി രൂപയും സംഭാവനയായി കാണിച്ചിരുന്നു. 2016-17 മുതല്‍ സര്‍വകലാശാല തങ്ങളുടെ വരുമാനം അക്കാദമിക് വരുമാനമായാണ് കാണിച്ചിട്ടുള്ളത്. 2018-19 മുതല്‍ വരുമാനത്തില്‍ കുത്തനെയുള്ള വര്‍ധന രേഖപ്പെടുത്തി. 2018-19-ല്‍ 24.21 കോടി രൂപയായിരുന്ന വരുമാനം 2024-25-ല്‍ 80.01 കോടി രൂപയായി ഉയര്‍ന്നു. ഏഴ് വര്‍ഷത്തിനിടെ ആകെ 415 കോടി രൂപയുടെ വരുമാനമുണ്ടായി.

വ്യാജ അക്രെഡിറ്റേഷന്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയെന്നും വ്യാജരേഖകള്‍ ചമച്ചെന്നും, ഇതിലൂടെ നിയമവിരുദ്ധമായ വരുമാനം ഉണ്ടാക്കിയെന്നും സര്‍വകലാശാലയ്‌ക്കെതിരായ കേസുകളില്‍ ആരോപിക്കപ്പെടുന്നു.