/kalakaumudi/media/media_files/2025/11/13/dd-5-2025-11-13-08-45-34.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ സ്ഫോടനം ഭീകരാക്രമണമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് രാജ്യവിരുദ്ധ ശക്തികള്‍ നടത്തിയ ഹീനമായ ഭീകരാക്രമണമായാണ് ചെങ്കോട്ടയ്ക്കു സമീപം നടന്നതെന്ന് വ്യക്തമാക്കിയത്. കാര്‍ സ്ഫോടനത്തില്‍ നിരപരാധികളായ പൗരന്മാര്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി മന്ത്രിസഭ യോഗത്തില്‍ രണ്ട് മിനിറ്റ് മൗനം ആചരിച്ചു.
യോഗത്തില്‍ പാസാക്കിയ പ്രമേയത്തില്‍, രാജ്യവിരുദ്ധ ശക്തികള്‍ നടത്തിയ ഹീനമായ ഭീകരാക്രമണമായാണ് ചെങ്കോട്ടയ്ക്കു സമീപം നടന്ന ഈ സ്ഫോടനത്തെ വിശേഷിപ്പിച്ചത്. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതിലും അനേകര്‍ക്ക് പരിക്കേറ്റതിലും മന്ത്രിസഭ ദു:ഖം പ്രകടിപ്പിച്ചു. ഇരകളോടും അവരുടെ കുടുംബങ്ങളോടും ഹൃദയപൂര്‍വ്വമായ അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കണമെന്നാശംസിച്ച മന്ത്രിസഭ, ദുരന്തനിവാരണത്തിനായി അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മെഡിക്കല്‍ സംഘങ്ങളുടെയും രക്ഷാപ്രവര്‍ത്തകരുടെയും സമയബന്ധിതമായ ഇടപെടലുകള്‍ പ്രശംസിച്ചു.
നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ ഈ ഭീരുത്വപരമായ നടപടിയെ മന്ത്രിസഭ കഠിനമായി അപലപിച്ചു. ഭീകരതയുടെ എല്ലാ രൂപങ്ങളോടും ഭാവങ്ങളോടും സീറോ ടോളറന്‍സ് എന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നതായി യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പരമാവധി വേഗത്തിലും പ്രൊഫഷണലിസത്തിലും മുന്നോട്ട് കൊണ്ടുപോകാനും കുറ്റവാളികളെയും അവരുടെ സഹായികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, ചെങ്കോട്ട സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലെത്തി സ്ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ മടങ്ങി എത്തിയ നരേന്ദ്ര മോദി തൊട്ടുപിന്നാലെയാണ് ആശുപത്രിയിലെത്തിയത്.
തിങ്കളാഴ്ച്ച വൈകുന്നരേം 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 13 പേരുടെ മരണം സ്ഥിരീകരിച്ചു. 20ഓളം ആളുകള്‍ ചികിത്സയില്‍ കഴിയുകയാണ്. ഫരീദാബാദില്‍ വന്‍ അളവില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ചെങ്കോട്ട സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്ന് പുറത്തുവന്ന വിവരങ്ങളെല്ലാം ഫരീദാബാദ് സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു.
ഫരീദാബാദ് റെയ്ഡില്‍ അറസ്റ്റിലായ ഡോക്ടര്‍മാരുമായി ബന്ധമുള്ള ഡോ. ഉമറാണ് സ്ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നത്. ജമ്മു കശ്മീര്‍ പൊലീസ് ഉമറിന്റെ പിതാവ്, മാതാവ്, സഹോദരങ്ങള്‍ അടക്കം ആറ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയുമായിരുന്നു. ഉമറിന്റെ മാതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
മരിച്ചത് ഉമര്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടന്നുവരികയാണ്. അതേസമയം, സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ 10 അംഗ സംഘത്തെയണ് എന്‍ഐഎ നിയോഗിച്ചിട്ടുള്ളത്. എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
