/kalakaumudi/media/media_files/2025/11/16/delhi-2025-11-16-14-04-32.jpg)
ന്യൂഡല്‍ഹി: 'മദര്‍ ഓഫ് സാത്താന്‍' എന്നറിയപ്പെടുന്ന അതിമാരക സ്‌ഫോടക വസ്തുക്കളാണ് ഡല്‍ഹിയില്‍ സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ഡിറ്റനേറ്ററിന്റെ ആവശ്യമില്ലാതെ ചെറുചൂടില്‍ പൊട്ടിത്തെറിക്കുന്ന ട്രയാസിടോണ്‍ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) സ്‌ഫോടനത്തിനായി ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അമോണിയം നൈട്രേറ്റ് ആയിരിക്കാം സ്‌ഫോടനത്തിന് കാരണമെന്ന് പോലീസ് നേരത്തെ വിലയിരുത്തിയിരുന്നു. എന്നാല്‍, സാഹചര്യം പരിശോധിച്ചു നോക്കുമ്പോള്‍ ടിഎടിപി ആയിരിക്കാം സ്‌ഫോടനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഫൊറന്‍സിക് പരിശോധിനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.
താപനിലയിലെ മാറ്റം, ഘര്‍ഷണം, മര്‍ദ്ദം തുടങ്ങി അന്തരീക്ഷത്തിലെ ഏത് മാറ്റവും ടിഎടിപിയുടെ സ്‌ഫോടനത്തിന് കാരണമായേക്കാം. ഏറെ അപകടകാരി കൂടിയാണിത്. അമോണിയം നൈട്രേറ്റ് പോലെ സ്‌ഫോടനം നടക്കാന്‍ ഇതില്‍ ഡിറ്റനേറ്ററിന്റെ ആവശ്യമില്ല. സ്‌ഫോടന സ്ഥലത്തുണ്ടായ ശക്തമായ പ്രകമ്പനവും നാശനഷ്ടങ്ങളും വിലയിരുത്തുമ്പോള്‍ ടിഎടിപിയുടെ സാന്നിധ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഫൊറന്‍സിക് സംഘം അവശിഷ്ടങ്ങള്‍ പരിശോധിച്ചു വരികയാണ്. ഭീകരപ്രവര്‍ത്തനത്തിനായി കൊണ്ടുപോകും വഴി അബദ്ധത്തില്‍ ബോംബ് പൊട്ടിത്തെറിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, ടിഎപിഎ നിര്‍മിക്കാനാവശ്യമായ രാസവസ്തുക്കള്‍ ഉമറിന് എങ്ങനെ കിട്ടി എന്നതില്‍ വ്യക്തതയില്ല. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഉമറിന് പിന്നില്‍ ആരെങ്കിലും ഉണ്ടായിരുന്നോ, സ്‌ഫോടക വസ്തുക്കള്‍ തയ്യാറാക്കുന്നതില്‍ പിന്തുണ ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരുന്നുണ്ട്. ടിഎടിപിയാണ് പൊട്ടിത്തെറിച്ചതെങ്കില്‍ അത് എങ്ങനെ അത്രയും നേരം കാറില്‍ സൂക്ഷിച്ചു എന്നതും പരിശോധിക്കേണ്ടതുണ്ട്.
ലോകത്ത് അനധികൃത ബോംബ് നിര്‍മ്മാതാക്കള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളില്‍ ഒന്നാണ് ടിഎടിപി. 'മദര്‍ ഓഫ് സാത്താന്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. 2017-ല്‍ ബാഴ്‌സലോണയിലേയും മാഞ്ചസ്റ്ററിലേയും 2015-ല്‍ പാരിസിലേയും 2016-ല്‍ ബ്രസല്‍സിലേയും ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിച്ചത് ടിഎടിപിയാണെന്നാണ് വിവരം. ഡല്‍ഹിയിലെ സാഹചര്യങ്ങളും വിരല്‍ ചൂണ്ടുന്നത് ടിഎടിപി ആയിരിക്കാം സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന നിഗമനത്തിലേക്കാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
