/kalakaumudi/media/media_files/2025/11/20/dd-5-2025-11-20-08-49-52.jpg)
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ വിദേശ ഭീകര ഗ്രൂപ്പുകളില്‍ നിന്ന് സഹായം ലഭിച്ചെന്ന് കണ്ടെത്തല്‍. വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പാക് അധീന കശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തിയിരുന്നു. ഭീകരര്‍ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പില്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാനരന്‍ ഉമര്‍ നബി ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളാണ്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നാലെ നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. നിലവില്‍ പാക് അധീനവേശ കശ്മീരില്‍ കഴിയുന്ന ഫൈസല്‍ ഇഷ്ഫാഖ് ഭട്ട്, ഡോ. ഉകാഷ എന്നിവരാണ് ടെലഗ്രാം അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അതേ സമയം, ചെങ്കോട്ട സ്ഫോടന കേസില്‍ ഉമര്‍ നബിയുമായി ബന്ധമുള്ള കൂടുതല്‍ പേരെ കണ്ടെത്താന്‍ എന്‍ഐഎ നീക്കം തുടങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമര്‍ നബി ഫോണില്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. കൂടാതെ അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള 200 ജീവനക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആണെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. ചെങ്കോട്ട സ്ഫോടനത്തിനുശേഷം ക്യാമ്പസില്‍ നിന്നും പോയവരെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജ്ജിതമാണ്.
ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ അല്‍ഫലാ സര്‍വകലാശാലയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പിടിമുറുക്കിയിരിക്കുകയാണ്. അല്‍ഫലാ സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി അറസ്റ്റ് ചെയ്തു. അല്‍ഫലാ സര്‍വകലാശായുമായി ബന്ധപ്പെട്ട 25 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ചെയര്‍മാന്‍ ജാവേദിനെ അറസ്റ്റ് ചെയ്തത്.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെയും ഫരീദാബാദില്‍ അറസ്റ്റിലായ മുസമിലിന്റെയും അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയിലെ മുറികളില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വലിയ സ്‌ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
