ഡല്‍ഹി സ്‌ഫോടനത്തില്‍ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സ്‌ഫോടനത്തില്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്

author-image
Biju
New Update
al falah

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ചെങ്കോട്ട സ്‌ഫോടനത്തില്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ, സ്‌ഫോടനവുമായി ബന്ധമില്ലെന്ന് കാണിച്ച് അല്‍ ഫലാഹ് സര്‍വ്വകലാശാല വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു.

മുഖ്യപ്രതി ഭീകരന്‍ ഉമര്‍ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലര്‍ത്തിയതായി എന്‍ഐഐ. കശ്മീരില്‍ എത്തിയ ഉമര്‍ അല്‍ ഖ്വയ്ദയടക്കം ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിനിടെ വൈറ്റ് കോളര്‍ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്നുപേരാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.. പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീളുന്നതാണ് ഈ കണ്ണികളെന്ന് ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ ആക്രമണത്തിനുള്ളപദ്ധതിയുടെ ഭാഗമായി പാക് ചാരസംഘടനയുമായും ഇടപെടല്‍ നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കശ്മീരിലെ ഖ്വാസിഗുണ്ടില്‍ ഒക്ടോബര്‍ 18 നാണ് മറ്റുഗ്രൂപ്പുകളുമായി നബി ചര്‍ച്ച നടത്തിയത് എന്നാണ് കണ്ടെത്തല്‍. അന്‍സര്‍ ഗസ്വതുല്‍ ഹിന്ദ് എന്ന പേരിലാണ് ആക്രമണ ഗ്രൂപ്പ് സ്വയം വിശേഷിപ്പിച്ചിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ഇതിനിടെ ഭീകരസംഘവുമായി ബന്ധപ്പെട്ട് കണ്ണികള്‍ പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുകയാണ്. പ്രതികളുടെ മൊബല്‍ അടക്കം ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പരിശോധിച്ചതോടെയാണ് ഇതിനായുള്ള തെളിവുകള്‍ ലഭിച്ചത്. ഉഗാസ എന്ന പേരില്‍ അറിയപ്പെടുന്ന ഭീകരന്‍ അല്ലാതെ മറ്റു രണ്ടു പേരുമായിട്ടും ഈ സംഘം ഇടപെടല്‍ നടത്തി. ഫൈസല്‍ ബട്ട്, ഹാഷിം എന്നിവരുമായിട്ടാണ് ഭീകരസംഘം ബന്ധപ്പെട്ടിരുന്നത്. ഇതില്‍ ഫൈസലിനെയാണ് ഐഎസ്‌ഐ ഏജന്റ് എന്ന് സംശയിക്കുന്നത്. ഉഗാസയുടെ നിലവിലെ സാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ എന്ന് അന്വേഷണം ഏജന്‍സികണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഹാഷിമിനെ സംബന്ധിച്ച് വ്യക്തമായ സൂചനയില്ല. ഫരീദാബാദ് ഭീകരസംഘത്തിലെ മറ്റ് അംഗങ്ങളുമായി പ്രത്യയശാസ്ത്രം, സാമ്പത്തിക സ്രോതസ്സുകള്‍, ആക്രമണം നടപ്പിലാക്കേണ്ട രീതി എന്നിവ സംബന്ധിച്ച് ഉമര്‍ നബിക്ക് തര്‍ക്കമുണ്ടായിരുന്നു എന്ന് അറസ്റ്റിലായി മുസമ്മില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇലക്ട്രീഷ്യനും അറസ്റ്റിലായി. പുല്‍വാമ സ്വദേശിയായ തുഫൈല്‍ നിയാസ് ഭട്ട് ആണ് അറസ്റ്റിലായത്.