ഡല്‍ഹി ഭീകരര്‍ വാങ്ങിയ രണ്ടാമത്തെ കാര്‍ കണ്ടെത്തി

ഡോ. ഉമര്‍ ഉന്‍ നബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റെഡ് ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ ആണ് അന്വേഷണസംഘം കണ്ടെത്തിയത്. ഹരിയാനയിലെ ഖണ്ഡാവലി ഗ്രാമത്തിന് സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തുകയായിരുന്നു

author-image
Biju
New Update
car

ന്യൂഡല്‍ഹി : ഡല്‍ഹി കാര്‍ സ്‌ഫോടന കേസിലെ മുഖ്യപ്രതി ഉമര്‍ നബി വാങ്ങിയ രണ്ടാമത്തെ കാറും കണ്ടെത്തി അന്വേഷണസംഘം. ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ കാര്‍ കൂടാതെ ഭീകരര്‍ മറ്റൊരു കാര്‍ കൂടി വാങ്ങിയതായി നേരത്തെ തന്നെ അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണ ഏജന്‍സികളും പോലീസും ഈ കാറിനായുള്ള തിരച്ചില്‍ ശക്തമാക്കി. തുടര്‍ന്ന് ഫരീദാബാദിന് സമീപം ഒരു ഗ്രാമത്തില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു.

ഡോ. ഉമര്‍ ഉന്‍ നബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റെഡ് ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ ആണ് അന്വേഷണസംഘം കണ്ടെത്തിയത്. ഹരിയാനയിലെ ഖണ്ഡാവലി ഗ്രാമത്തിന് സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ DL10CK0458 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തുകയായിരുന്നു. ദേശീയ തലസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോസ്റ്റുകളിലും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിനെ കണ്ടെത്താന്‍ ഡല്‍ഹി പോലീസ് മുന്നറിയിപ്പ് നല്‍കി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞത് വലിയ ആശ്വാസമായി.

ഡല്‍ഹി കാര്‍ സ്‌ഫോടനത്തിന് പിന്നിലെ പ്രതികള്‍ രണ്ടു കാറുകള്‍ വാങ്ങിയിരുന്നതായി കണ്ടെത്തിയത് മറ്റൊരു സ്‌ഫോടനത്തിനുള്ള ആശങ്കക്ക് വഴി വെച്ചിരുന്നു. ഒരു ഹ്യുണ്ടായ് i20 കാറും ഒരു ഫോര്‍ഡ് ഇക്കോസ്പോര്‍ട് കാറുമാണ് ഭീകരര്‍ വാങ്ങിയിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായത്. ഇതില്‍ ഹ്യുണ്ടായ് i20 കാര്‍ ഉപയോഗിച്ചാണ് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടത്തിയത്. ഫരീദാബാദില്‍ കണ്ടെത്തിയ ഭീകര ശൃംഖലയുമായി ബന്ധമുള്ള മറ്റ് ആളുകള്‍ക്കായും പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.