/kalakaumudi/media/media_files/2025/08/11/air-2025-08-11-14-36-56.jpg)
ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ കൂടുതല്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും റണ്‍വെയുടെ വശത്ത് എന്തോ പാഴ് വസ്തു ഉണ്ടെന്ന് തൊട്ടുമുന്‍പുണ്ടായിരുന്ന വിമാനത്തിലെ പൈലറ്റ് എടിസിയെ അറിയിച്ചിരുന്നുവെന്നും അതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനത്തിന് ഗോ എറൗണ്ട് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു.
പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. വെതര്‍ റഡാര്‍ തകരാര്‍ സംശയിച്ചത് കാരണം ആണ് വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിട്ടത്. ചെന്നൈയിലെ പരിശോധനയില്‍ തകരാര്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞുവെന്നും മുന്‍കരുതലിന്റെ ഭാഗമായി ട്രാന്‍സ് റിസീവര്‍ മാറ്റുകയായിരുന്നുവെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു.
അതേസമയം, റണ്‍വേയില്‍ മറ്റൊരു വിമാനമുണ്ടായിരുന്നുവെന്ന് പൈലറ്റ് പറഞ്ഞെന്ന വിമാനത്തിലുണ്ടായിരുന്ന എംപിമാരുടെ വാദം ശരിവെച്ച് യാത്രക്കാരനും രംഗത്തെത്തി. പൈലറ്റ് അറിയിപ്പ് നല്‍കിയിരുന്നതായി മലയാളിയായ ജെയിംസ് വില്‍സന്‍ എക്‌സില്‍ കുറിച്ചു. മറ്റൊരു വിമാനവുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ആണ് ലാന്‍ഡിംഗ് ഉപേക്ഷിച്ചതെന്നാണ് പൈലറ്റ് അറിയിച്ചതെന്നും ജെയിംസ് വിത്സന്‍ എക്‌സില്‍ കുറിച്ചു. വിമാനത്തില്‍ കെസി വേണുഗോപാലിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചാണ് ജെയിംസിന്റെ പ്രതികരണം.
റണ്‍വേയില്‍ മറ്റൊരു വിമാനം കാരണം ലാന്‍ഡിംഗ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന് വിമാനത്തിലെ ജീവനക്കാര്‍ അറിയിച്ചെന്നാണ് എംപിമാര്‍ പറഞ്ഞത്.നേരത്തെ റഡാറുമായുള്ള ബന്ധത്തില്‍ സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് ചെന്നൈ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എയര്‍ ഇന്ത്യ 2455 വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലടക്കം കേരളത്തില്‍ നിന്നുള്ള 4 എം പിമാരും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു എംപിയും സഞ്ചരിച്ച വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. കെ സി വേണുഗോപാലിന് പുറമേ, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍, റോബര്‍ട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന എം പിമാര്‍. 160 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.