/kalakaumudi/media/media_files/2025/02/15/N0ts7rCGrps65MCjl54q.jpg)
Rep. Img.
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഫെബ്രുവരി 19 ന് നടക്കുമെന്ന് സൂചന. ഡല്‍ഹി മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിര്‍ണായക യോഗം ഇന്ന് നടക്കും. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തുന്ന മോദി ഇന്ന് യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകീട്ടാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
ഉപമുഖ്യമന്ത്രിമാരെയും ആറ് മന്ത്രിമാരെയും തീരുമാനിക്കും. ഒരു പതിറ്റാണ്ട് നീണ്ട ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തെ തകര്‍ത്തെറിഞ്ഞ് അധികാരത്തിലേറിയ ബിജെപിയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ച എംഎല്‍എമാരില്‍ നിന്നായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്നും പാര്‍ട്ടി പ്രസ്താവിച്ചിട്ടുണ്ട്. ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളില്‍ 48 എണ്ണം നേടിക്കൊണ്ടാണ് ബിജെപി ഈ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിട്ടുള്ളത്. അന്തിമ ചുരുക്കപട്ടികയില്‍ ഏഴുപേരാണ് ഉള്ളത്.
ന്യൂഡല്‍ഹി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ്മയുടേതാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന പേരുകളില്‍ ഒന്ന്. വെസ്റ്റ് ഡല്‍ഹിയില്‍ നിന്ന് രണ്ട് തവണ എംപിയായ അദ്ദേഹം മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനാണ്. അതേസമയം പുതിയ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഒരു വനിത തിരഞ്ഞെടുക്കപ്പെടാനും സാധ്യതയുള്ളതായി കരുതപ്പെടുന്നു.
ഇതിനിടെ പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, മറ്റ് നേതാക്കള്‍ എന്നിവരുമായി പാര്‍ട്ടി ആസ്ഥാനത്ത് ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെയും സര്‍ക്കാര്‍ രൂപീകരണത്തെയും കുറിച്ച് അവര്‍ ചര്‍ച്ച ചെയ്‌തോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വമായിരിക്കും എടുക്കേണ്ടതെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
70 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടിയാണ് ബിജെപി ഡലല്‍ഹിയെ പിടിച്ചെടുത്തത്. 27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്. ഒരു പതിറ്റാണ്ടായി നഗരം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് 22 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. അതേസമയം പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോഡിയ എന്നിവരുള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ പരാജയപ്പെട്ടു.