/kalakaumudi/media/media_files/2025/02/19/AdFbuuqCawsS3GHaR65j.jpg)
Rekha Guptha
ന്യൂഡല്‍ഹി: ആകാംക്ഷയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ചു.
രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയാകും. പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകും. മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്ത. ഇത്തവണ ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്.
വൈകിട്ട് ബിജെപിയുടെ കേന്ദ്ര നിരീക്ഷകര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയിരുന്നു. തുടര്‍ന്ന് എംഎല്‍എമാരുമായി സംഘം ചര്‍ച്ച നടത്തിയാണ് ഒറ്റപ്പേരിലേക്ക് എത്തിയത്. നാളെ തന്നെ രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും.
27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകിയത് എഎപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ആരെന്നതു സസ്‌പെന്‍സാക്കി വച്ചിരിക്കുകയായിരുന്നു പാര്‍ട്ടി. മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തതോടെ ഇനി സ്പീക്കര്‍, കാബിനറ്റ് മന്ത്രിമാര്‍ എന്നിവരുടെ കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ നേതാക്കള്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, സിനിമാ താരങ്ങള്‍, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ തുടങ്ങിയ ഒട്ടേറെ പേര്‍ നാളെ നടക്കുന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ പങ്കെടുക്കും. ഡല്‍ഹിയിലെ ചേരി നിവാസികളെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.
ഇന്ന്് രാത്രി മുതല്‍ രാംലീല മൈതാനത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിടുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, 50 ലധികം ഉന്നത സുരക്ഷാ നേതാക്കളും രാംലീല മൈതാനിയില്‍ എത്തും. 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഈ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. എല്ലാ കേന്ദ്രമന്ത്രിമാരെയും എന്‍ഡിഎ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. . വിവിഐപി വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ്, രാംലീല മൈതാനത്തിലെ വേദിയില്‍ വര്‍ണ്ണാഭമായ സംഗീത പരിപാടി ഉണ്ടായിരിക്കും, കൈലാഷ് ഖേര്‍ ആയിരിക്കും സംഗീത വിരുന്ന് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാര്‍, വിവേക് ഒബ്‌റോയ്, ഹേമ മാലിനി എന്നിവരുള്‍പ്പെടെ 50-ലധികം സിനിമാ താരങ്ങള്‍ ഈ ചടങ്ങില്‍ പങ്കെടുക്കും.
മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ വ്യവസായ പ്രമുഖരും ചടങ്ങിനെത്തുമെന്നാണ് സൂചന. ബാബ രാംദേവ്, സ്വാമി ചിദാനന്ദ, ബാബ ബാഗേശ്വര്‍ ധീരേന്ദ്ര ശാസ്ത്രി എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള കര്‍ഷകരുള്‍പ്പെടെയുള്ള ബിജെപി അനുഭാവികളും ചടങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി രാംലീല മൈതാനിയില്‍ മൂന്ന് സ്റ്റേജുകളാണ് നിര്‍മ്മിക്കുന്നത്. ഏറ്റവും വലിയ സ്റ്റേജ് 40X4 ആയിരിക്കും. 34X40 ന്റെ മറ്റ് രണ്ട് സ്റ്റേജുകളും ഉണ്ടാവും. വേദിയില്‍ ഏകദേശം 100 മുതല്‍ 150 വരെ കസേരകള്‍ നിരത്തും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കാന്‍ ഏകദേശം 30,000 കസേരകള്‍ വേദിയുടെ മുന്നിലും ഉണ്ടാകും.
സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനായി ബിജെപി നേതാക്കളായ വിനോദ് തവ്‌ഡെ, തരുണ്‍ ചുഗ്, വീരേന്ദ്ര സച്ച്‌ദേവ് എന്നിവര്‍ക്കാണ് ചുമതല. 70 സീറ്റുകളുള്ള ഡല്‍ഹി നിയമസഭയില്‍ 48 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി അധികാരത്തില്‍ കയറുന്നത്.