കോച്ചിങ് സെന്ററിലെ വെള്ളപ്പൊക്കം: കൂടുതൽ പേർ മരിച്ചെന്ന് വിദ്യാർഥികൾ; എൻഒസി റദ്ദാക്കും

ശാംഭവി എന്നൊരു സഹപാഠിയുടെ മൃതദേഹം രഹസ്യമായി പൊലീസ് ബന്ധുക്കൾക്ക് കൈമാറിയെന്നും അവിനാശ് എന്ന മറ്റൊരു വിദ്യാർഥിയെക്കുറിച്ച് വിവരമില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.

author-image
Vishnupriya
New Update
delhi
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് വെള്ളംകയറി മലയാളിയുൾപ്പെടെ മൂന്നു വിദ്യാർഥികൾ മരിച്ച കോച്ചിങ് സെന്ററിന്റെ എൻഒസി റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. കരോൾബാഗിലെ റാവുസ് കോച്ചിങ് സെന്ററിന്റെ അനുമതി റദ്ദാക്കുന്നതിനുള്ള നടപടി ഡൽഹി അഗ്നിരക്ഷാവിഭാഗം ആരംഭിച്ചു.

വെള്ളപ്പൊക്കത്തിൽ കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്നും ഇക്കാര്യം അധികൃതർ മറച്ചുവയ്ക്കുകയാണെന്നും പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ആരോപിച്ചു. മൂന്നു പേർ മരിച്ചെന്നാണ് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ശാംഭവി എന്നൊരു സഹപാഠിയുടെ മൃതദേഹം രഹസ്യമായി പൊലീസ് ബന്ധുക്കൾക്ക് കൈമാറിയെന്നും അവിനാശ് എന്ന മറ്റൊരു വിദ്യാർഥിയെക്കുറിച്ച് വിവരമില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഒന്നിലധികം മൃതദേഹങ്ങൾ ഒരു ബാഗിലാക്കിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്.

തിങ്കളാഴ്ച്ച ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന ഓൾഡ് രജീന്ദർ നഗറിലെ കോച്ചിങ് സെന്റർ സന്ദർശിച്ച്, പ്രതിഷേധം തുടരുന്ന വിദ്യാർഥികളുമായി ചർച്ച നടത്തിയിരുന്നു. പൊലീസ് ബാരിക്കേഡിനു പിന്നിൽ നിൽക്കാതെ തങ്ങൾക്കൊപ്പം ചേർന്ന് സംസാരിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിന് ലഫ്റ്റനന്റ് ഗവർണർ വഴങ്ങിയിരുന്നില്ല. പ്രതിഷേധം കനത്തതോടെ ‘നിങ്ങൾക്കൊപ്പമുണ്ട്’ എന്നും വിദ്യാർഥികളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുമെന്നും വാക്കുനൽകി സക്സേന മടങ്ങി.

delhi ias academy flood