/kalakaumudi/media/media_files/2025/11/10/dd-3-2025-11-10-22-32-30.jpg)
ന്യൂഡല്‍ഹി: സ്‌ഫോടനത്തിനു പിന്നാലെ കേട്ടത് ഉഗ്ര ശബ്ദമെന്ന് ദൃക്‌സാക്ഷികള്‍. വീടിനു മുകളില്‍നിന്നു നോക്കിയപ്പോള്‍ വലിയ തീഗോളം കണ്ടു. ഉടന്‍തന്നെ വീടിന് പുറത്തേക്കിറങ്ങിയെന്നും ഒരു ദൃക്‌സാക്ഷി പറയുന്നു. മൂന്നുതവണ പൊട്ടിത്തെറിയുണ്ടായെന്നും എല്ലാവരും മരിക്കാന്‍ പോവുകയാണെന്ന് തോന്നിയെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.
''ഉഗ്ര ശബ്ദത്തോടെയുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുള്ള കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും കുലുങ്ങി. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. വലിയ തീഗോളം കാണാമായിരുന്നു. ഒന്നിലേറെ വാഹനങ്ങളില്‍ സ്ഫോടനമുണ്ടായെന്ന് സംശയമുണ്ട്. വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണിത്'' മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.
സ്‌ഫോടനമുണ്ടായത് ഒരു സ്വിഫ്റ്റ് ഡിസയര്‍ കാറിലാണെന്ന് ദൃക്‌സാക്ഷികള്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. പൊട്ടിത്തെറിച്ച കാറിന് എതാനും അടി അകലെ നിന്നിരുന്ന സീഷാന്‍ എന്ന ഓട്ടോഡ്രൈവര്‍ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. സീഷാന് പരുക്കേറ്റിട്ടുണ്ട്. ''കാറിന് രണ്ടടി അകലെയായിരുന്നു ഞാന്‍. അതിലുണ്ടായിരുന്നത് സ്‌ഫോടകവസ്തുവാണോ ബോംബാണോ എന്ന് എനിക്കറിയില്ല'' സീഷാന്‍ പറഞ്ഞു.
''ഞാന്‍ വീടിന്റെ ടെറസില്‍ നില്‍ക്കുകയായിരുന്നു. ഒരു വലിയ തീഗോളമുയരുന്നതു കണ്ടു. വലിയ ശബ്ദവും കേട്ടു. സ്‌ഫോടനത്തില്‍ കെട്ടിടം കുലുങ്ങി'' ഒരു ദൃക്‌സാക്ഷി പറഞ്ഞു.
സ്ഫോടനം നടന്ന സ്ഥലത്ത് എത്തിയപ്പോള്‍ റോഡില്‍ ചിന്നിച്ചിതറി കിടക്കുന്ന ശരീരഭാഗങ്ങളാണ് കണ്ടതെന്നും എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ലെന്നും നിരവധി കാറുകള്‍ നശിച്ചെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തിനു പിന്നാലെ മെട്രോസ്റ്റേഷന്‍ പരിസരം പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തിലാക്കി. മേഖലയില്‍നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചു.
ഉത്തര്‍പ്രദേശ് അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഡല്‍ഹി നിവാസികള്‍ പരിഭ്രാന്തിയിലായി. റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സ്ഫോടനം നടന്ന ഓള്‍ഡ് ഡല്‍ഹി മേഖലയില്‍ പലയിടങ്ങളിലും പൊലീസ് ഗതാഗതം നിരോധിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
