ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (എംസിഡി) നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളെ തീരുമാനിക്കുന്നതിനു ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ആവശ്യമില്ലെന്നു സുപ്രീം കോടതി. ഡല്‍ഹി സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മില്‍ നടക്കുന്ന അധികാര വടംവലിയില്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയാണു സുപ്രീം കോടതിയുടെ ഉത്തരവ്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് നിയമപരമായ അധികാരമാണ്. ഒരു എക്സിക്യൂട്ടീവ് അധികാരമല്ല, അതിനാല്‍ ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരിന്റെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സക്‌സേനയുടെ നിയമനങ്ങളെ ചോദ്യംചെയ്ത് ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
എംസിഡിയില്‍ തിരഞ്ഞെടുക്കപ്പെട്ട 250 അംഗങ്ങളും നോമിനേറ്റ് ചെയ്യപ്പെടുന്ന 10 അംഗങ്ങളുമുണ്ട്. സംസ്ഥാന മന്ത്രിസഭയോടു ചോദിക്കാതെയാണ് ഇത്തവണ 10 പേരെ എംസിഡിയിലേക്ക് ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന നാമനിര്‍ദേശം ചെയ്തത്.
2022 ഡിസംബറിലെ തിരഞ്ഞെടുപ്പില്‍ 134 വാര്‍ഡുകളില്‍ ആംആദ്മി പാര്‍ട്ടി (എഎപി) ജയിച്ചിരുന്നു. 15 വര്‍ഷംനീണ്ട ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ഈ വിജയം. ബിജെപിക്ക് 104 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. കോണ്‍ഗ്രസിന് ഒന്‍പത് അംഗങ്ങളുണ്ട്.