/kalakaumudi/media/media_files/2025/12/06/indigo-2025-12-06-14-34-07.jpg)
ന്യൂഡല്‍ഹി: ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഡല്‍ഹി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കില്ലെയെന്നും എന്തുകൊണ്ട് നിങ്ങള്‍ക്ക് മാത്രം പ്രശ്‌നമെന്നും ഇന്‍ഡിഗോയോട് കോടതി ചോദിച്ചു.
മറ്റുള്ളവര്‍ നിയമം പാലിച്ചു, മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റിന് നാല്പതിനായിരം രൂപവരെ ഈടാക്കുന്ന സാഹചര്യം ഉണ്ടായതെങ്ങനെയെന്നും കോടതി ചോദിച്ചു. കൂടാതെ യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്ന നടപടി കാര്യക്ഷമമാകണമെന്നും നഷ്ടപരിഹാരം ലഭിക്കാന്‍ വ്യവസ്ഥയുണ്ടെങ്കില്‍ അതിനും ഡിജിസിഎ ഇടപെടണം എന്നും കോടതി വ്യക്തമാക്കി പ്രതിസന്ധിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.
ഇന്‍ഡിഗോ വിമാന കമ്പനിക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാനമന്ത്രി രാംമോഹന്‍ നായിഡു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് അടക്കമുള്ളവരെ മാറ്റുമെന്നും വ്യോമയാനമന്ത്രി മുന്നറിയിപ്പു നല്കി. പ്രതിസന്ധിയില്‍ ഡിജിസിഎയുടെ പങ്ക് അന്വേഷിക്കുമെന്ന സൂചനയും കേന്ദ്രം നല്കി. ഇന്‍ഡിഗോയുടെ വിമാനസര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നു എന്ന് കമ്പനി ഇന്നലെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
എന്നാല്‍ ചില സര്‍വ്വീസുകള്‍ ഇന്നും റദ്ദാക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്. ഇന്‍ഡിഗോയുടെ പത്തു ശതമാനം സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇന്നലെ ഉത്തരവ് നല്കിയിരുന്നു. ഇന്‍ഡിഗോ സിഇഒ ഇന്നലെ വ്യോമയാനമന്ത്രിയോട് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിനെ മാറ്റുന്നത് അടക്കം നിര്‍ദ്ദേശങ്ങള്‍ കമ്പനിക്ക് നല്‍കാനാണ് സര്‍ക്കാര്‍ ആലോചന. ഇന്‍ഡിഗോ മനപൂര്‍വ്വം പ്രതിസന്ധി ഉണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കി. ഒരാഴ്ചയായി തനിക്ക് ഉറക്കമില്ലെന്ന് മന്ത്രി ഒരു ഇംഗ്‌ളീഷ് പത്രത്തോട് പറഞ്ഞിട്ടുണ്ട്. ഡിജിസിഎയ്കക് വീഴ്ചയുണ്ടായോ എന്നതും പരിശോധിക്കും. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഇന്‍ഡിഗോ പൈലറ്റുമാരുടെ എണ്ണത്തില്‍ മൂന്നു ശതമാനം കുറവ് വന്നുവെന്ന കണക്കുകള്‍ ഇതിനിടെ പുറത്തു വന്നു.
അതായത് ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലെ മാറ്റം നടപ്പാക്കാന്‍ 1000 പൈലറ്റുമാരെയെങ്കിലും കൂടുതല്‍ നിയമിക്കണം എന്നിരിക്കെ ഉള്ള ജീവനക്കാരെ കമ്പനി വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതേ സമയത്ത് എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നെന്നും കണക്കുകളില്‍ കാണുന്നു. പ്രതിദിനം 200 സര്‍വ്വീസുകള്‍ വരെ കുറച്ച ശേഷമുള്ള ഇന്‍ഡിഗോയുടെ പുതുക്കിയ ഷെഡ്യൂള്‍ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. എയര്‍ ഇന്ത്യ അടക്കം മറ്റ് കമ്പനികള്‍ക്ക് ഈ സര്‍വ്വീസുകള്‍ സര്‍ക്കാര്‍ കൈമാറും. പുതിയ വിമാനകമ്പനികള്‍ക്ക് അനുമതി നല്കാനുള്ള നടപടി വേഗത്തിലാക്കുമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
