/kalakaumudi/media/media_files/2025/08/25/modi-2025-08-25-17-46-07.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. 2017ല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ പ്രകാരം 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പഠിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പരിശോധിക്കണമെന്ന കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെ (സിഐസി) ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
സിഐസിയുടെ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിഐസി ഉത്തരവ് റദ്ദാക്കുന്നതായി ഹൈക്കോടതി ജഡ്ജി സച്ചിന്‍ ദത്ത ഉത്തരവിട്ടു.
1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മോദി വ്യക്തമാക്കിയിട്ടുള്ളത്. തുടര്‍ന്ന് നീരജ് ശര്‍മയെന്നയാള്‍ മോദിയുടെ ബിരുദത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഡല്‍ഹി സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കി.
എന്നാല്‍ ഈ വിവരങ്ങള്‍ 'സ്വകാര്യ'മാണെന്നും അതില്‍ പൊതുജന താല്‍പര്യമില്ലെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാല അപേക്ഷ തള്ളി. ഇതേത്തുടര്‍ന്ന് നീരജ് സിഐസിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 1978ല്‍ ഡിയുവില്‍നിന്ന് ബിരുദം നേടിയ വിദ്യാര്‍ഥികളുടെ പട്ടിക നല്‍കണമെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ പ്രഫ. എം.ആചാര്യലു ഉത്തരവിടുകയായിരുന്നു.