/kalakaumudi/media/media_files/nXIAVI4AWfHIXrrBeeAq.jpeg)
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. പോലീസുമായി സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഏതാനും വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കണമെന്നും മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രിയിലും പ്രതിഷേധം തുടരുകയാണ്. മെഴുകുതിരി കത്തിച്ച് വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഓള്‍ഡ് രജിന്ദര്‍ നഗറില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്ലക്കാര്‍ഡുകളുയര്‍ത്തിയും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ റോഡ് തടയുകയും ചെയ്തു.
അതേസമയം, പ്രതിഷേധത്തെ തുടർന്ന് കരോള്‍ ബാഗ് മെട്രോ സ്‌റ്റേഷന് സമീപത്തെ റോഡ് തടഞ്ഞതോടെ വലിയ ഗതാഗതകുരുക്കാണ് രൂപപ്പെട്ടത്. പോലീസ് ഇടപെട്ടതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോണ്‍ ക്യാമറയടക്കം ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നിരീക്ഷിച്ചത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.
സംഭവത്തിൽ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പോലീസ് അന്വേഷണത്തിനായി വിവിധ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയേയും നടത്തിപ്പുകാരനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉടമ അഭിഷേക് ഗുപ്ത എന്നയാളേയും ദേശ്പാല്‍ സിങ് എന്ന മറ്റൊരാളേയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.