kejriwal ,manish sisodia and kavitha
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി റൗസ് അവന്യൂകോടതി. ആഗസ്റ്റ് ഒമ്പത് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.സി.ബി.ഐ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രത്യേക ജഡ്ജി കാവേരി ബാജ്‍വയാണ് കസ്റ്റഡി നീട്ടിയതായി ഉത്തരവിറക്കിയത്. തിഹാർ ജയിലിൽ നിന്ന് മൂന്നുപേരെയും വിഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.
സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാൾ സമർപ്പിച്ച ജാമ്യഹർജിയിൽ വിധി പറയുന്നത് തിങ്കളാഴ്ച ഡൽഹി കോടതി മാറ്റി വെച്ചിരുന്നു. കേസിൽ കെജ്രിവാളിനെതിരെ സി.ബി.ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. മദ്യനയത്തിന്റെ മുഖ്യ സൂത്രധാരൻ കെജ്രിവാൾ ആണെന്നായിരുന്നു സി.ബി.ഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയത്.
നേരത്തേ കെജ്രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇ.ഡി കേസിൽ ജൂലൈ 12ന് സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സി.ബി.ഐ കേസ് നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല.