ഡല്‍ഹി,മുംബൈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ മസൂദ് അസര്‍ തന്നെ

പാകിസ്ഥാനിലിരുന്നാണ് മസൂദ് അസര്‍ ഇന്ത്യയ്‌ക്കെതിരേയുള്ള ആക്രമണങ്ങള്‍ നടത്തിയതെന്ന് മസൂദ് ഇല്യാസ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

author-image
Biju
New Update
masood

ന്യൂഡല്‍ഹി: പാകിസ്ഥാന് വിനയായി ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറുടെ പരാമര്‍ശങ്ങള്‍. ഡല്‍ഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകന്‍ സംഘടനയുടെ തലവനായിരുന്ന മസൂദ് അസറായിരുന്നുവെന്നാണ് ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് ഇല്യാസ് കശ്മീരി പറഞ്ഞത്.

ഡല്‍ഹി,മുംബൈ ആക്രമണങ്ങളില്‍ തങ്ങളുടെ പങ്കിനെ കുറിച്ചുള്ള ആരോപണങ്ങള്‍ പാകിസ്ഥാന്‍ ആവര്‍ത്തിച്ച് നിഷേധിക്കുന്നതിനിടെയാണ് സംഘടനയുടെ മുതിര്‍ന്ന അംഗമായ മസൂദ് ഇല്യാസ് കശ്മീരിയില്‍ നിന്ന് ഇത്തരമൊരു സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

പാകിസ്ഥാനിലിരുന്നാണ് മസൂദ് അസര്‍ ഇന്ത്യയ്‌ക്കെതിരേയുള്ള ആക്രമണങ്ങള്‍ നടത്തിയതെന്ന് മസൂദ് ഇല്യാസ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തിഹാര്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട് അമീറുള്‍ മുജാഹിദീന്‍ മൗലാന മസൂദ് അസര്‍ പാകിസ്ഥാനിലെത്തി. 

ബലാക്കോട്ട് അദ്ദേഹത്തിന്റെ ലക്ഷ്യവും ദൗത്യവും പദ്ധതിയും നടപ്പിലാക്കാനുള്ള വേദിയൊരുക്കി. ഡല്‍ഹിയിലും മുംബൈയിലും നടത്തിയ ആക്രമണങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെ ഭീതിയിലാഴ്ത്തി, മസൂദ് ഇല്യാസ് വീഡിയോയില്‍ പറയുന്നു. കൂടാതെ ഒസാമ ബിന്‍ ലാദനെ ആശയധാര രൂപപ്പെടുത്തിയ രക്തസാക്ഷി എന്ന് ഇയാള്‍ വിശേഷിപ്പിക്കുകയും ചെയ്തു.