/kalakaumudi/media/media_files/2025/10/21/delhi-vayu-2025-10-21-09-12-08.jpg)
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷം. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ന് രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്, ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 346 ല്‍ എത്തി. മിക്ക പ്രദേശങ്ങളും റെഡ് സോണില്‍ എത്തിയിട്ടുണ്ട്.
പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവു വരുത്തിയിരുന്നു. ഉപാധികളോടെ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാനായിരുന്നു അനുമതി. സാധാരണ പടക്കങ്ങളെക്കാള്‍ ഹരിത പടക്കങ്ങള്‍ക്ക് മലിനീകരണതോത് കുറവാണെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍, ഞായറാഴ്ച ഡല്‍ഹിയിലെ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയില്‍ എത്തി.
തിങ്കളാഴ്ച രാത്രിയിലെ കണക്ക് അനുസരിച്ച്, 38 പരിശോധനാ കേന്ദ്രങ്ങളില്‍ 36 ലും മലിനീകരണതോത് റെഡ് സോണായാണ് രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ദ്വാരക (417), അശോക് വിഹാര്‍ (404), വസീര്‍പൂര്‍ (423), ആനന്ദ് വിഹാര്‍ (404) തുടങ്ങിയ പ്രദേശങ്ങളില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍ എത്തിയിട്ടുണ്ട്.
പടക്കം പൊട്ടിക്കുന്നതിലൂടെ ഉയര്‍ന്ന പുക ഡല്‍ഹിയിലുടനീളം വായു മലിനീകരണം സൃഷ്ടിച്ചെങ്കെലും, അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും, വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകയും മൊത്തത്തിലുള്ള മലിനീകരണതോത് വര്‍ധിക്കാന്‍ കാരണമായെന്നാണ് കണക്കാക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
