ഡൽഹിയിൽ മഴക്കെടുതിയെതുടർ‍ന്ന് മരണസംഖ്യ 11 ആയി

ഡൽഹിയിൽ ചൊവ്വ വരെ കനത്ത മഴയ്ക്ക് സാധ്യതയുളളതിനാൽ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലേർട്ടും അതിനുശേഷമുളള മൂന്ന് ദിവസത്തേക്ക് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. 

author-image
Anagha Rajeev
New Update
h
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഡൽഹിയിൽ മഴക്കെടുതികളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 11 ആയി ഉയർന്നു. പുതിയതായി ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെയാണ്‌ രാജ്യ തലസ്ഥാനത്ത്‌  മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയർന്നത്‌.

വസന്ത്‌ വിഹാറിൽ മതിലിടിഞ്ഞ്‌ കുടുങ്ങിയ ബിഹാർ സ്വദേശികളായ മൂന്ന്‌ തൊഴിലാളികളുടെ മൃതദേഹങ്ങൾ 28 മണിക്കൂറിനുശേഷം കണ്ടെടുത്തു. സന്താഷ്‌(20), സന്തോഷ്‌ യാദവ്‌(19), ദയാറാം(45) എന്നിവരാണ്‌ കെട്ടിടനിർമാണം നടക്കുന്നിടത്ത്‌ ഉറങ്ങവെ അപകടത്തിൽപെട്ടത്‌. വെള്ളി ശനി ദിവസങ്ങളിലായി കനത്ത മഴയാണ്‌ പെയ്യുന്നത്‌. 

ഉത്തരഡൽഹിയിലെ സമയ്‌പുർ ബദ്‌ലിയിൽ രണ്ട്‌ കുട്ടികൾ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. ഓഖ്‌ലയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച അറുപതുകാരന്‌ അടിപ്പാതയിൽ നിറഞ്ഞ വെള്ളത്തിൽപെട്ട്‌ ജീവാപായം സംഭവിച്ചു. രോഹിണിയിൽ ജോലി കഴിഞ്ഞ്‌ മടങ്ങിയ യുവാവ്‌  പൊട്ടിവീണ്‌ കിടന്ന വൈദ്യുതിലൈനിൽനിന്ന്‌ ആഘാതമേറ്റ്‌ മരിച്ചു. ഷാലിമാർബാഗിലും അടിപ്പാതയിലെ വെള്ളത്തിൽ കുടുങ്ങി ഒരാൾക്ക്‌ ജീവൻ നഷ്ടപ്പെട്ടു. 

കനത്ത മഴയെത്തുടർന്ന് നഗരത്തിലുടനീളമുള്ള ഗതാഗതം തടസ്സപ്പെട്ടു. ഡൽഹിയിൽ ചൊവ്വ വരെ കനത്ത മഴയ്ക്ക് സാധ്യതയുളളതിനാൽ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലേർട്ടും അതിനുശേഷമുളള മൂന്ന് ദിവസത്തേക്ക് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. 

delhi rain alert heavy rain alert