കനത്ത പുകമഞ്ഞ്: ഡല്‍ഹി-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകുന്നുണ്ട്. കനത്ത മുടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

author-image
Biju
New Update
AIR INDIA

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് വിമാന സര്‍വീസ് റദ്ദാക്കിയത്. എയര്‍ഇന്ത്യ ബദല്‍ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റീഫണ്ട് 7 ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു. വിദേശത്തു നിന്ന് 
ഡല്‍ഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. 

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകുന്നുണ്ട്. കനത്ത മുടല്‍മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെയില്‍, വ്യോമ ഗതാഗതത്തെ മൂടല്‍മഞ്ഞ് ബാധിച്ചു. ദില്ലിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എക്യുഐ.

വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. മലിനീകരണ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്ക് ഇനി പമ്പുകളില്‍ ഇന്ധനം നല്‍കില്ല. ദില്ലിക്ക് പുറത്തുള്ള വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരത് സ്റ്റേജ് ആറിന് താഴെയുളള വാഹനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ അതിര്‍ത്തിയിലടക്കം വിന്യസിച്ചിട്ടുണ്ട്.