ന്യൂഡൽഹി: പരമ്പരാഗത ഇന്ത്യൻ വസ്ത്രസങ്കൽപങ്ങൾക്ക് ആധുനികതയുടെ സ്പർശം നൽകി ലോകത്തെ വിസ്മയിപ്പിച്ച ഫാഷൻ ഡിസൈനർ രോഹിത് ബാൽ (63) അന്തരിച്ചു. ഡല്‍ഹിയിലെ ആശ്ലോക് ആശുപത്രിയില്‍ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്രീനഗറില്‍ ജനിച്ച രോഹിത്, 1986-ലാണ് തന്റെ തൊഴില്‍ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ഫാഷന്‍ ഡിസൈനിങ് രംഗത്തെ അതികായരില്‍ ഒരാളായി മാറി. 2006-ല്‍ ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ്‌സില്‍ 'ഡിസൈനര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം രോഹിത് നേടിയിരുന്നു. 2012-ല്‍ ലാക്മെ ഗ്രാന്‍ഡ് ഫിനാലെ ഡിസൈനര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡൽഹിയിൽ കഴിഞ്ഞ മാസം നടന്ന ലാക്മെ ഇന്ത്യ ഫാഷൻ വീക്കിൽ ബാലിന്റെ സൃഷ്ടികളുണ്ടായിരുന്നു. അവസാനത്തെ ഷോയും അതായിരുന്നു.