മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി വൻ വിജയമാണ് മഹാരാഷ്ട്രീയത്തിൽ കൈവരിച്ചത്. അതിന് പിന്നാലെ ആരാകും , മുഖ്യമന്ത്രിയുടെ കിരീടം ചൂടുമെന്ന ചർച്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നിരുത്. ഒടുവിൽ എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം കണ്ടെത്തി. ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെയും അജിത് പവാറും വ്യാഴാച്ച സത്യപ്രതിജ്ഞ ചെയ്യും.
വൈകുന്നേരം 5.30 ന് മുംബൈയിലെ ആസാദ് മൈതാനിയിൽ ആണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക, ഇത് കണക്കിലെടുത്ത് മുംബൈ ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.
ചടങ്ങിൻ്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും ജനങ്ങൾക്കുള്ള അസൗകര്യം കുറയ്ക്കുന്നതിനും മുംബൈ ട്രാഫിക് പോലീസ് നിരവധി സുപ്രധാന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പാർക്കിംഗ് സൗകര്യങ്ങളുടെ അഭാവം മൂലം ആസാദ് മൈതാനത്ത് പാർക്കിംഗ് ഒഴിവാക്കാനും പകരം ട്രെയിനുകൾ, പ്രാദേശിക സർവീസുകൾ തുടങ്ങിയ പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കാനും യാത്രക്കാരോട് നിർദ്ദേശിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ പരിപാടി അവസാനിക്കുന്നത് വരെ ഈ ഭാഗത്തേക്ക് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.