/kalakaumudi/media/media_files/2025/03/27/xI5mS76QRmxxY4P3MZXB.jpg)
മുംബൈ:ധാരാവിയിലെ ഒരു ഇഞ്ച് ഭൂമി പോലും അദാനിക്ക് നൽകിയിട്ടില്ലെന്ന് സർക്കാരിനുവേണ്ടി കാബിനറ്റ് മന്ത്രി ആശിഷ് ഷെലാർ നിയമസഭയിൽ വ്യക്തമാക്കി.നിയമസഭയിൽ അവതരിപ്പിച്ച 293-ാം നമ്പർ പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ധാരാവിയെ കുറിച്ച് അംഗങ്ങൾ ഉന്നയിച്ച വിവിധ ആശങ്കകളും ചോദ്യങ്ങളും അഭിസംബോധന ചെയ്യുന്നതിനിടെ, മുംബൈ ബിജെപി പ്രസിഡന്റ് കൂടിയായ ഷേലാർ, ധാരാവിയുടെ ആകെ 430 ഏക്കർ ഭൂമിയുടെ 37 ശതമാനം മുംബൈ നിവാസികൾക്ക് കളിസ്ഥലങ്ങൾ, വിനോദ മൈതാനങ്ങൾ തുടങ്ങിയ തുറസ്സായ സ്ഥലങ്ങൾക്കായി നീക്കിവയ്ക്കുമെന്നും പറഞ്ഞു. ധാരാവിയുടെ ഭൂമി അദാനിക്ക് നൽകിയിട്ടുണ്ടെന്ന വാദം പൂർണ്ണമായും തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ധാരാവിയുടെ മുഴുവൻ ഭൂമിയും സംസ്ഥാന സർക്കാർ സ്ഥാപിച്ച കമ്പനിയായ ധാരാവി റീഡെവലപ്‌മെന്റ് അതോറിറ്റി (ഡിആർഎ) യുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ അറിയണം. വിമർശകർ അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് അദാനിയുടെ പേരിലുള്ള ഒരൊറ്റ ഔദ്യോഗിക ഭൂമി രേഖ (7/12 എക്‌സ്‌ട്രാക്റ്റ്) നൽകാൻ അദ്ദേഹം വെല്ലുവിളിച്ചു. പുനർവികസന ചുമതലയുള്ള കരാറുകാരൻ ഡിആർപിപിഎൽ (ധാരാവി റീഡെവലപ്‌മെന്റ് പ്രോജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ്) ആണ്, കരാർ പ്രകാരം, കരാറുകാരന്റെ ലാഭത്തിന്റെ 20 ശതമാനം സംസ്ഥാന സർക്കാരിന് അനുവദിക്കും'.അദ്ദേഹം പറഞ്ഞു.