ചെന്നൈ: പ്രസവാവധി നിഷേധിക്കപ്പെട്ട കോടതി ജീവനക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ജീവനക്കാരി വിവാഹിതയാണെന്ന് ഉറപ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോടവാസൽ ജില്ലാ മജിസ്ട്രേറ്റ് കോടതി പ്രസവാവധി നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ്. രജിസ്ട്രാർ ജനറൽ നാല് ആഴ്ചയ്ക്കകം തുക കൈമാറണം. ജസ്റ്റിസുമാരായ ആർ സുബ്രഹ്മണ്യൻ, ജി അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
ഓഫീസ് അസിസ്റ്റന്‍റായ കവിതയുടേത് രണ്ടാം വിവാഹം ആണെന്നും വിവാഹത്തിന് മുൻപ് ഗർഭിണിയായെന്നും പറഞ്ഞാണ് ജില്ലാ മജിസ്ട്രേറ്റ് പ്രസവാവധി നിഷേധിച്ചത്. ശരിയായ വിധത്തിൽ വിവാഹിതരായവർക്ക് മാത്രമേ പ്രസവാവധി അനുവദിക്കാനാകൂ എന്നും മജിസ്ട്രേറ്റ് നിലപാടെടുത്തു. എന്നാൽ മജിസ്ട്രേറ്റ് നടപടിയെ ഹൈക്കോടതി വിമർശിച്ചു. ലിവിംഗ് ടുഗെദർ ബന്ധം സുപ്രീം കോടതി പോലും അംഗീകരിച്ച കാലത്ത്, നൂറ്റാണ്ടുകൾ പഴക്കമുള്ള ചിന്താഗതി സൂക്ഷിക്കുന്നത് അനാവശ്യമെന്ന് കുറ്റപ്പെടുത്തി.
കവിതയുടെ ആദ്യ ഭർത്താവ് 2020 ൽ മരിച്ചു. പിന്നീട് 2024 ഏപ്രിൽ 28 ന് ഭാരതി എന്നയാളെ വിവാഹം കഴിച്ചു. 2024 ഒക്ടോബറിൽ പ്രസവാവധിക്ക് അപേക്ഷിച്ചപ്പോൾ മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിച്ചു. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല എന്നതായിരുന്നു ഒരു കാരണം. ഭാരതിക്കെതിരെ നേരത്തെ കവിത പരാതി നൽകിയിരുന്നു എന്നതായിരുന്നു രണ്ടാമത്തെ കാരണം. വിവാഹത്തിന് മുൻപ് ഗർഭധാരണം നടന്നു എന്നതായിരുന്നു മൂന്നാമത്തെ കാരണം. കവിത ഭാരതിക്കെതിരെ വ്യാജ വിവാഹ വാഗ്ദാനം നൽകിയതായി നേരത്തെ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് അവർ കുടുംബത്തിന്‍റെ പിന്തുണയോടെ വിവാഹരായിരുന്നു. തെളിവായി ഫോട്ടോകളും ക്ഷണക്കത്തും ഹാജരാക്കിയപ്പോൾ, മജിസ്ട്രേറ്റ് അത് പരിഗണിക്കുന്നതിന് പകരം പ്രസവാവധി നിഷേധിക്കുകയാണ് ചെയ്തത്.
"വിവാഹിതയായ സ്ത്രീക്ക് മാത്രമേ പ്രസവാവധി അനുവദിക്കൂ എന്നതിൽ സംശയമില്ല. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ല. അതിന് തെളിവ് തേടേണ്ടതില്ല"- എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മജിസ്ട്രേറ്റിന്‍റെ നടപടികൾ അനാവശ്യവും മനുഷ്യത്വരഹിതവുമാണെന്ന് ഹൈക്കോടതി വിമർശിച്ചു. പ്രസവാവധി അപേക്ഷ നിരസിക്കാൻ മജിസ്ട്രേറ്റ് മനഃപൂർവ്വം കാരണങ്ങളുണ്ടാക്കിയതായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
