ഡിജിറ്റല്‍ അറസ്റ്റ്: ഐഐടി വിദ്യാര്‍ഥിയില്‍നിന്ന് തട്ടിയത് 7.29 ലക്ഷം

ടെലികോം റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ട് ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു.

author-image
Prana
New Update
digital arrest

'ഡിജിറ്റല്‍ അറസ്റ്റ്' ഭീഷണി കോള്‍ വഴി ബോംബെ ഐഐടി വിദ്യാര്‍ഥിയില്‍ നിന്ന് 7.29 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ട് ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് 25കാരനായ വിദ്യാര്‍ഥിക്ക് ട്രായ് ഉദ്യോഗസ്ഥനെന്ന വ്യാജേന ആദ്യം കോള്‍ വന്നത്. വിദ്യാര്‍ഥിയുടെ മൊബൈല്‍ നമ്പര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചതായി 17 പരാതികള്‍ ഉണ്ടെന്നായിരുന്നു തട്ടിപ്പ് സംഘം അറിയിച്ചത്. നമ്പര്‍ ഡീ ആക്ടിവേറ്റ് ചെയ്യാതിരിക്കണമെങ്കില്‍ പോലീസില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫോണ്‍കോള്‍ സൈബര്‍ െ്രെകംബ്രാഞ്ചിന് കൈമാറുകയാണെന്ന് അറിയിച്ചു.
പിന്നീട് വാട്‌സ് ആപ്പില്‍ ഒരു വീഡിയോ കോളാണ് വിദ്യാര്‍ഥിക്ക് ലഭിച്ചത്. മറുവശത്ത് പോലീസ് വേഷധാരിയായ ഒരാളായിരുന്നു. അയാള്‍ വിദ്യാര്‍ഥിയില്‍ നിന്ന് ആധാര്‍ നമ്പര്‍ വാങ്ങുകയും വിദ്യാര്‍ഥി കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ടതായി അറിയിക്കുകയും ചെയ്തു. വിദ്യാര്‍ഥി ഡിജിറ്റല്‍ അറസ്റ്റിലാണെന്നും ആരെയും ബന്ധപ്പെട്ടരുതെന്നും തട്ടിപ്പ് സംഘം ധരിപ്പിച്ചു. തുടര്‍ന്ന് സംഘത്തിന് വിദ്യാര്‍ഥി 29,500 രൂപ യുപിഐ വഴി അയച്ചുനല്‍കി.
അടുത്ത ദിവസം കൂടുതല്‍ പണം ആവശ്യപ്പെട്ട് വീണ്ടും കോള്‍ വന്നു. ഇതോടെ ഭയപ്പെട്ട വിദ്യാര്‍ഥി തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘത്തിന് കൈമാറി. ശേഷം അക്കൗണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ സംഘം തട്ടിയെടുത്തു. തുടര്‍ന്ന് അറസ്റ്റ് നീക്കിയെന്നും വിദ്യാര്‍ഥിയെ അറിയിച്ചു. ഡിജിറ്റല്‍ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി വിദ്യാര്‍ഥി മനസ്സിലാക്കിയത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അടുത്ത കാലത്തായി രാജ്യത്ത് വര്‍ധിച്ചുവരുന്ന തട്ടിപ്പ് രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ്. നിയമപാലക ഉദ്യോഗസ്ഥരായോ സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാരായോ വേഷമിട്ട് തട്ടിപ്പ് സംഘം ഇരകളെ ഓഡിയോ/വീഡിയോ കോളുകളിലൂടെ ഭീഷണിപ്പെടുത്തുകയും പണം നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. ഡിജിറ്റല്‍ അറസ്റ്റ് എന്ന സമ്പ്രദായം തന്നെ രാജ്യത്ത് നിലനില്‍ക്കുന്നില്ലെന്നും ഒരാളെയും വീഡിയോ കോള്‍ വഴി അറസ്റ്റ് ചെയ്യാനാകില്ലെന്നും വ്യക്തമാക്കി പോലീസ് തട്ടിപ്പിന് എതിരെ വ്യാപകമായ ബോധവത്കരണം നടത്തിവരികയാണ്.

 

IIT digital student financial fraud Arrest