ആര്‍എസ്എസ് വിവാദത്തിന് പിന്നാലെ രാജ്യസഭയിലേക്കില്ലെന്ന് ദിഗ്വിജയ് സിങ്

ദിഗ്വിജയ് സിങ്ങിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, രാജ്യസഭയില്‍ ദലിത് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് പട്ടികജാതി വിഭാഗം സംസ്ഥാന അധ്യക്ഷന്‍ പ്രദീപ് അഹിര്‍വാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

author-image
Biju
New Update
digv

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ സംഘടനാ കരുത്തിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവനയിലൂടെ പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, താന്‍ ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ അദ്ദേഹം, യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അറിയിച്ചു.

ദിഗ്വിജയ് സിങ്ങിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, രാജ്യസഭയില്‍ ദലിത് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് പട്ടികജാതി വിഭാഗം സംസ്ഥാന അധ്യക്ഷന്‍ പ്രദീപ് അഹിര്‍വാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നെങ്കിലും പട്ടികജാതി വിഭാഗത്തില്‍ നിന്നൊരാള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായാല്‍ താന്‍ സന്തോഷവാനായിരിക്കുമെന്ന് സിങ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഹിര്‍വാറിന്റെ അഭ്യര്‍ത്ഥന.

'മധ്യപ്രദേശിലെ ഏതാണ്ട് 17 ശതമാനത്തോളം വരുന്ന പട്ടികജാതി ജനതയുടെ പ്രതീക്ഷകള്‍ താങ്കള്‍ക്ക് മുന്നില്‍ വെക്കുകയാണ്. ഇത്തവണ രാജ്യസഭയില്‍ എസ്സി വിഭാഗത്തില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കാന്‍ താങ്കള്‍ മുന്‍കൈ എടുക്കണം,' അഹിര്‍വാര്‍ ആവശ്യപ്പെട്ടു. 'ഇതൊന്നും എന്റെ കൈയിലുള്ള കാര്യമല്ല. ഇത്രമാത്രം എനിക്ക് പറയാന്‍ കഴിയും, ഞാന്‍ എന്റെ സീറ്റ് ഒഴിയുകയാണ്,' അഹിര്‍വാറിന്റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതായിരുന്നു സിങ്ങിന്റെ മറുപടി.

യുവനേതാക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനെ പുനര്‍നിര്‍മ്മിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണിതെന്ന് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. 'സംഘടനാപരമായ വലിയ സ്വാധീനമുള്ള സിങ്ങിനെ താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായാകും നിയോഗിക്കുക,' അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം ആര്‍എസ്എസിനെയും ബിജെപിയെയും പുകഴ്ത്തി അദ്ദേഹം പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. സാധാരണ പ്രവര്‍ത്തകര്‍ക്ക് ഉന്നത പദവികളില്‍ എത്താന്‍ സാധിക്കുന്ന ബിജെപി-ആര്‍എസ്എസ് ശൈലിയെ അദ്ദേഹം അഭിനന്ദിച്ചിരുന്നു. നരേന്ദ്ര മോദി പഴയകാലത്ത് എല്‍.കെ.അഡ്വാനിയുടെ അരികില്‍ തറയിലിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സിങ്ങിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അമിത കേന്ദ്രീകരണത്തെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം, പാര്‍ട്ടിക്കുള്ളില്‍ അടിത്തട്ടില്‍ നിന്നുള്ള മാറ്റങ്ങള്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍എസ്എസിനെ പുകഴ്ത്തിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ കടുത്ത ശത്രുവാണെന്നും അവരുടെ പ്രവര്‍ത്തന മികവിനെ മാത്രമാണ് പരാമര്‍ശിച്ചതെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുള്ളില്‍ വലിയ അഴിച്ചുപണികള്‍ നടക്കാനിരിക്കെ, ദിഗ്വിജയ് സിങ്ങിനെപ്പോലൊരു മുതിര്‍ന്ന നേതാവിന്റെ ഈ പിന്മാറ്റം മറ്റ് പല മുതിര്‍ന്ന നേതാക്കള്‍ക്കും വഴിമാറിക്കൊടുക്കാന്‍ പ്രേരണയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.