/kalakaumudi/media/media_files/2025/08/27/contested-divorce-photo-2025-08-27-12-40-58.jpg)
ചെന്നൈ: നല്ലവരുമാനവും സമ്പാദ്യവുമുള്ള ഭാര്യക്ക് വിവാഹമോചനക്കേസ് നടക്കുമ്പോൾ ഭർത്താവ് ഇടക്കാല ജീവനാംശം നൽകേണ്ടകാര്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി .ജീവിതപങ്കാളിക്ക് സാമാന്യം നല്ലരീതിയിൽ ജീവിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഹിന്ദുവിവാഹനിയമത്തിൽ ജീവനാംശം നൽകാനുള്ള വകുപ്പ് ഉൾപ്പെടുത്തിയതെന്ന് ജസ്റ്റിസ് പി.ബി. ബാലാജി ചൂണ്ടിക്കാണിച്ചു.വിവാഹമോചനക്കേസിൽ തീർപ്പുണ്ടാകുംവരെ ഭാര്യക്കും പ്രായപൂർത്തിയായിട്ടില്ലാത്ത മകനും മാസം 30,000 രൂപവീതം ജീവനാംശം നൽകണമെന്ന കുടുംബക്കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.ഒരു കമ്പനിയുടെ ഡയറക്ടറായ ഭാര്യക്ക് നല്ല തുക ഡിവിഡൻഡ് ലഭിക്കുന്നുണ്ടെന്നും അവരുടെപേരിൽ ധാരാളം വസ്തുവകകളുണ്ടെന്നും കാണിച്ചാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.മകന് പണം നൽകാനുള്ള ഉത്തരവ് അംഗീകരിക്കുന്നതായും ഭാര്യക്ക് ജീവനാംശം നൽകണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ഭർത്താവിന്റെ ഹർജിയിൽ പറഞ്ഞു.
തന്റെപേരിലുണ്ടായിരുന്ന വസ്തുവകകൾ അച്ഛന്റെപേരിലാണ് ഇപ്പോഴെന്നും കമ്പനിയിൽനിന്ന് ഡിവിഡൻഡ് കിട്ടുന്നില്ലെന്നുമായിരുന്നു ഭാര്യയുടെ തടസ്സവാദം. എന്നാൽ, ഈ കേസ് നടക്കുന്നതിനിടെയാണ് സ്വത്ത് അച്ഛന്റെപേരിലേക്ക് മാറ്റിയതെന്ന് കോടതി കണ്ടെത്തി. ഡിവിഡൻഡ് നൽകുന്നത് നിർത്തിവെക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടതും വിവാഹമോചനക്കേസിന്റെ പേരിലാണെന്ന് വ്യക്തമായി. നല്ല സാമ്പത്തികശേഷിയുള്ള ഭാര്യക്ക് ഇടക്കാല ജീവനാംശം നൽകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.