ദീപാവലി ആഘോഷം; ബെംഗളൂരുവിൽ വായു മലിനീകരണം

വായുമലിനീകരണം ഒഴിവാക്കാന്‍ ഇത്തവണ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടുമുതല്‍ പത്തുവരെയാക്കി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് പലയിടത്തും നടപ്പായില്ല.

author-image
Vishnupriya
New Update
dc

ബെംഗളൂരു: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വ്യാപകമായി പടക്കം പൊട്ടിച്ചതോടെ ബെംഗളൂരു നഗരത്തില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്നുതുടങ്ങി. വായുമലിനീകരണത്തിന്റെ അളവ് വെളിപ്പെടുത്തുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എ.ക്യൂ.ഐ.)നഗരത്തിലെ പല സ്ഥലങ്ങളിലും കുതിച്ചുയര്‍ന്നു. മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് ഏറ്റവും ഉയര്‍ന്ന എ.ക്യൂ.ഐ. രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ 24-ന് 78 ആയിരുന്നത് 31-ന് 150-ലെത്തി. ജിഗനിയാണ് തൊട്ടുപിറകില്‍. 53-ല്‍ നിന്ന് 148 ആയി. ബി.ടി.എം. ലേ ഔട്ടില്‍ 48-ല്‍നിന്ന് 143-ലേക്കും ശിവപുരയില്‍ 58-ല്‍നിന്ന് 128 ആയും ഉയര്‍ന്നു. എല്ലാ വര്‍ഷവും ദീപാവലി ആഘോഷസമയം നഗരത്തില്‍ വായുമലിനീകരണം കുതിച്ചുയരാറുണ്ട്.

അതേസമയം, വായുമലിനീകരണം ഒഴിവാക്കാന്‍ ഇത്തവണ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടുമുതല്‍ പത്തുവരെയാക്കി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് പലയിടത്തും നടപ്പായില്ല. വായുഗുണനിലവാരം താഴുകയും ചെയ്തു. വരുംദിവസങ്ങളില്‍ പടക്കം പൊട്ടിക്കല്‍ തുടര്‍ന്നാല്‍ വായുവിന്റെ ഗുണനിലവാരം ഇനിയും ഇടിയുമെന്നാണ് കണക്കാക്കുന്നത്.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വ്യാപകമായി പടക്കംപൊട്ടിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ വായു മലിനീകരണം രൂക്ഷമായി. വായു നിലവാരസൂചിക പൂജ്യത്തിനും 50-നുമിടയില്‍ തുടരേണ്ട സ്ഥാനത്ത് ആലന്തൂരില്‍ 246-ഉം പെരുങ്കുടിയില്‍ 230-ആയും വേളാച്ചേരയില്‍ 226-ഉം ആയി ഉയര്‍ന്നത് ആശങ്കപരത്തി. മണലിയില്‍ 154-ഉം അരുമ്പാക്കത്തില്‍ 163-ഉം ആയിരുന്നു സൂചിക.

air polution Diwali Bengaluru