/kalakaumudi/media/media_files/2025/04/14/Kgd8qdLMOgBcGVxO5PaR.jpg)
മുംബൈ:ദാദറിലെ ഇന്ദു മില്ലിൽ ഡോ. ബാബാസാഹേബ് അംബേദ്കറുടെ ഗ്രാൻഡ് മെമ്മോറിയലിന്റെ ജോലികൾ 2025 അവസാനത്തോടെ പൂർത്തിയാകുമെന്ന് മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. എംഎംആർഡിഎയുടെ മെട്രോപൊളിറ്റൻ കമ്മീഷണർ ഡോ. സഞ്ജയ് മുഖർജി (ഐഎഎസ്), അഡീഷണൽ കമ്മീഷണർ-1 വിക്രം കുമാർ (ഐഎഎസ്) എന്നിവർ ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറുടെ ജീവിതത്തെയും പൈതൃകത്തെയും ആദരിക്കുന്നതിനായി നിർമിച്ചു കൊണ്ടിരിക്കുന്ന വിശാലമായ സ്മാരക സമുച്ചയത്തിന്റെ നിർമ്മാണ ജോലിയിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഡബിൾ ബേസ്‌മെന്റ് (പാർക്കിംഗ്) ഘടനയുടെ 95 ശതമാനം പൂർത്തീകരിച്ചു. ഇത് 2025 മെയ് 31 നുള്ളിൽ തീർക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റ് പ്രധാന നിർമ്മാണ ജോലികളും ക്രമാനുഗതമായി പുരോഗമിക്കുന്നു. സ്മാരകത്തിന്റെ ഒരു പ്രധാന ആകർഷണം ഡോ. അംബേദ്കറുടെ 230 അടി ഉയരമുള്ള പ്രതിമയായിരിക്കും. എംഎംആർഡിഎ കമ്മീഷണർ ഡോ. മുഖർജി നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാവരോടും സമയപരിധി പാലിക്കാൻ ആഹ്വാനം ചെയ്തു. "ഈ സ്മാരകം കേവലം ഒരു വെങ്കല ഘടന മാത്രമല്ല; ഡോ. ബാബാസാഹേബ് അംബേദ്കറുടെ പാരമ്പര്യത്തിനും രാഷ്ട്രത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനയ്ക്കുമുള്ള ആദരാഞ്ജലിയാണിത്," അദ്ദേഹം പറഞ്ഞു.