തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രം​ഗങ്ങൾ

നിയമസഭയുടെ ചട്ടങ്ങളും നിയമങ്ങളും ഗവർണർ പാലിക്കണമെന്നും, നയപ്രഖ്യാപന പ്രസംഗം വായിക്കാനും സ്പീക്കർ നിർദേശിച്ചു. തന്റെ ഉത്തരവാദിത്തങ്ങൾ തനിക്കറിയാമെന്ന് ഗവർണറും പ്രതികരിച്ചു

author-image
Devina
New Update
tami niyamasabha

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നാടകീയ രം​ഗങ്ങൾ. ഡിഎംകെ സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ നിറയെ പിഴവുകളുണ്ടെന്നും, അതു വായിക്കാനാകില്ലെന്നും ​ഗവർണർ ആർ എൻ രവി പറഞ്ഞു.

 സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ​ഗാനം ആലപിക്കാത്തതിനെയും ​ഗവർണർ വിമർശിച്ചു. വിമർശനത്തിനിടെ ​ഗവർണറുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ​ഗവർണർ ആർ എൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

നയപ്രഖ്യാപന പ്രസംഗം വായിക്കാതെയാണ് ഗവർണർ ആർ എൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയത്. തുടർന്ന് സ്പീക്കർ എൻ അപ്പാവു നയപ്രഖ്യാപനം നിയമസഭ പാസ്സാക്കിയതായി പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗം ഇനി മുതൽ വേണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടു വരണമെന്നും സ്റ്റാലിൻ നിർദേശിച്ചു.രാവിലെ 9.30 നാണ് തമിഴ്‌നാട് നിയമസഭയുടെ 2026ലെ ആദ്യ സമ്മേളനത്തിന് തുടക്കമായത്. തമിഴ് തായ് ആശംസകളോടെയാണ് തുടക്കം. തുടർന്ന് ദേശീയ ഗാനം ആലപിക്കാൻ ഗവർണർ രവി ആവശ്യപ്പെട്ടു.

എന്നാൽ തമിഴ് തായ് ആശംസ മാത്രമാണ് ആദ്യമെന്നും, ദേശീയഗാനം ആദ്യം ആലപിക്കുന്നില്ലെന്നും സ്പീക്കർ അറിയിച്ചു. ദേശീയഗാനത്തെ അപമാനിക്കാനാവില്ലെന്നും, ആലപിക്കണമെന്നും ഗവർണർ ശഠിച്ചു.

നിയമസഭയുടെ ചട്ടങ്ങളും നിയമങ്ങളും ഗവർണർ പാലിക്കണമെന്നും, നയപ്രഖ്യാപന പ്രസംഗം വായിക്കാനും സ്പീക്കർ നിർദേശിച്ചു. തന്റെ ഉത്തരവാദിത്തങ്ങൾ തനിക്കറിയാമെന്ന് ഗവർണറും പ്രതികരിച്ചു. തുടർന്ന് നിയമസഭയിൽ അംഗങ്ങൾക്ക് മാത്രമാണ് അഭിപ്രായം പറയാനാവൂ എന്നും, മറ്റൊരാൾക്കും അതിനവകാശമില്ലെന്നും സ്പീക്കർ മറുപടി നൽകി. ഇതിനിടെ ഗവർണറുടെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഗവർണർ രവി സഭ വിട്ടിറങ്ങുകയുമായിരുന്നു.