പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കല്‍ പരീക്ഷണം വിജയകരം

120 കിലോമീറ്റര്‍ പരമാവധി ദൂരത്തില്‍ ആണ് റോക്കറ്റ് പരീക്ഷിച്ചത്. ആസൂത്രണം ചെയ്തതുപോലെ എല്ലാം കൃത്യമായി നടന്നതായി ഡിആര്‍ഡിഒ വ്യക്തമാക്കി.

author-image
Biju
New Update
pinaka 3

ഭുവനേശ്വര്‍ : ഇന്ത്യയുടെ അഭിമാന പ്രതിരോധ നിര്‍മ്മിതി പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) ആണ് പിനാക വിജയകരമായി പരീക്ഷിച്ചത്.

ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ചാന്ദിപ്പൂര്‍ പട്ടണത്തിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നിന്നായിരുന്നു പിനാക കന്നി പറക്കല്‍ നടത്തിയത്.

ഭഗവാന്‍ ശിവന്റെ വില്ലായ 'പിനാക'യുടെ പേരാണ് പ്രതിരോധ ഗവേഷണ വികസന സംഘടന രൂപകല്പന ചെയ്ത് നിര്‍മിച്ച ഈ ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന് നല്‍കിയിരിക്കുന്നത്. 120 കിലോമീറ്റര്‍ പരമാവധി ദൂരത്തില്‍ ആണ് റോക്കറ്റ് പരീക്ഷിച്ചത്. ആസൂത്രണം ചെയ്തതുപോലെ എല്ലാം കൃത്യമായി നടന്നതായി ഡിആര്‍ഡിഒ വ്യക്തമാക്കി. ഈ നേട്ടത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡിആര്‍ഡിഒയെയും മറ്റ് പങ്കാളികളെയും അഭിനന്ദിച്ചു.

പ്രതിരോധ ഗവേഷണ വികസന ലബോറട്ടറിയുടെയും ഗവേഷണ കേന്ദ്രമായ ഇമാറാത്തിന്റെയും പിന്തുണയോടെ, ഹൈ എനര്‍ജി മെറ്റീരിയല്‍സ് ഗവേഷണ ലബോറട്ടറിയുമായി സഹകരിച്ചാണ് പിനാകയുടെ നിര്‍മാണം. ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് പരമാവധി കൃത്യതയോടെ ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. നിലവില്‍ സേവനത്തിലുള്ള പിനാക ലോഞ്ചറില്‍ നിന്നാണ് ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് വിക്ഷേപിച്ചത്.