/kalakaumudi/media/media_files/2025/10/28/murmu-2025-10-28-18-21-49.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ഹരിയാനയിലെ അംബാല എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനത്തില്‍ പരിശീലന പറക്കല്‍ നടത്തും. ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും നൂതന യുദ്ധവിമാനമാണ് ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍.
പ്രത്യേകം തിരഞ്ഞെടുത്ത മുതിര്‍ന്ന പൈലറ്റിനൊപ്പമാണ് രാഷ്ട്രപതി റാഫേലിന്റെ ഇരട്ട സീറ്റുള്ള ജെറ്റില്‍ പറക്കുക. വിമാനത്തിന്റെ പ്രവര്‍ത്തന സവിശേഷതകളെക്കുറിച്ച് രാഷ്ട്രപതിക്ക് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കും.
ഐഎഎഫ്ന്റെ ഏറ്റവും പഴക്കമേറിയ വ്യോമതാവളങ്ങളിലൊന്നായ അംബാലയില്‍ 2020 സെപ്റ്റംബറിലാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ആദ്യമായി വ്യോമസേനയുടെ ഭാഗമായത്. 'ഗോള്‍ഡന്‍ ആരോസ്' എന്നറിയപ്പെടുന്ന നമ്പര്‍ 17 സ്‌ക്വാഡ്രണാണ് ഇവിടെ റാഫേല്‍ വിന്യസിച്ചിരിക്കുന്നത്.
റാഫേലിന്റെ രണ്ടാമത്തെ സ്‌ക്വാഡ്രണ്‍ 'ഫാല്‍ക്കണ്‍സ്' എന്നറിയപ്പെടുന്ന നമ്പര്‍ 101 സ്‌ക്വാഡ്രണ്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹാസിമാരയിലാണ് സ്ഥിതിചെയ്യുന്നത്. 4.5 തലമുറയില്‍പ്പെട്ട ഈ പോര്‍വിമാനങ്ങള്‍ ഈ വര്‍ഷം മെയ് മാസത്തില്‍ നടന്ന 'ഓപ്പറേഷന്‍ സിന്ദൂര്‍' ഉള്‍പ്പെടെയുള്ള നിര്‍ണായക ദൗത്യങ്ങളില്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒരു പോര്‍വിമാനത്തില്‍ രാഷ്ട്രപതി നടത്തുന്ന രണ്ടാമത്തെ പറക്കലാണിത്. ഇതിന് മുന്‍പ് 2023 ഏപ്രില്‍ മാസത്തില്‍ അസമിലെ തേസ്പൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വെച്ച് നമ്പര്‍ 106 സ്‌ക്വാഡ്രണിന്റെ സുഖോയ്-30 എംകെഐ യുദ്ധവിമാനത്തില്‍ അവര്‍ പറന്നിരുന്നു. ബ്രഹ്‌മപുത്ര നദിക്കും തേസ്പൂര്‍ താഴ്വരയ്ക്കും മുകളിലൂടെ ഏകദേശം 30 മിനിറ്റോളമായിരുന്നു ആ യാത്ര.
സ്‌ക്വാഡ്രണ്‍ കമാന്‍ഡിങ് ഓഫീസറായ ഗ്രൂപ്പ് ക്യാപ്റ്റന്‍ നവീന്‍ കുമാര്‍ ആയിരുന്നു അന്ന് പൈലറ്റ്. കടല്‍നിരപ്പില്‍ നിന്ന് 6,000-7,000 അടി ഉയരത്തിലും മണിക്കൂറില്‍ ഏകദേശം 800 കിലോമീറ്റര്‍ വേഗതയിലുമായിരുന്നു സുഖോയ് പറന്നത്.
പോര്‍വിമാനത്തില്‍ പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ പ്രസിഡന്റും രണ്ടാമത്തെ വനിതാ പ്രസിഡന്റുമാണ് ദ്രൗപദി മുര്‍മു. മുന്‍ രാഷ്ട്രപതിമാരായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം 2006 ജൂണില്‍ പുനെയില്‍ നിന്ന് സുഖോയ് 30ല്‍ പറന്നിരുന്നു. പ്രതിഭാ പാട്ടീല്‍ 2009 നവംബറില്‍ പുനെയില്‍ നിന്നു തന്നെ സുഖോയ്30ല്‍ പറന്നിരുന്നു.
നിരവധി രാഷ്ട്രീയ നേതാക്കളും മുന്‍ പ്രതിരോധ മന്ത്രിമാരും ഇത്തരത്തില്‍ പോര്‍വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. 2003-ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് തുടര്‍ച്ചയായ അപകടങ്ങളെത്തുടര്‍ന്ന് വിശ്വാസം നഷ്ടപ്പെട്ട സോവിയറ്റ് നിര്‍മ്മിത മിഗ്-21 ജെറ്റിലുള്ള വിശ്വാസം തിരികെ കൊണ്ടുവരാനായി അംബാല എയര്‍ബേസില്‍ നിന്ന് പറന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 നവംബറില്‍ ബംഗളൂരുവില്‍ വെച്ച് തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന ആദ്യ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
