ഹെറോയിന്‍ വില്‍പ്പന;പഞ്ചാബിലെ ബി.ജെ.പി.നേതാവ് സത്കാര്‍ കൗര്‍ പിടിയില്‍

രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ തടയാന്‍ ശ്രമിച്ച പോലീസുകാരന്റെ കാലിലൂടെ കൗറിന്റെ കാര്‍ കയറിയിറങ്ങി.

author-image
Vishnupriya
New Update
dc

ചണ്ഡീഗഢ്: ഹെറോയിന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ.യും നിലവില്‍ ബി.ജെ.പി. നേതാവുമായ സത്കാര്‍ കൗര്‍ പോലീസ് പിടിയിലായി. 100 ഗ്രാം ഹെറോയിനുമായി മൊഹാലി ജില്ലയിലെ ഖരഡില്‍ ബുധനാഴ്ചയാണ് പഞ്ചാബ് പോലീസ് കൗറിനെയും ബന്ധുവും ഡ്രൈവറുമായ ജസ്‌കീരത് സിങ്ങിനെയും അറസ്റ്റുചെയ്തത്.

തുടര്‍ന്ന് പഞ്ചാബ് ബി.ജെ.പി. നേതൃത്വം കൗറിനെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ സുനില്‍ ഝാഖറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. രണ്ടരലക്ഷം രൂപയ്ക്ക് ഹെറോയിന്‍ വില്‍ക്കാന്‍ ആഡംബര കാറിലെത്തിയതായിരുന്നു കൗര്‍. ബന്ധുവായ ജസ്‌കീരത്ത് മറ്റൊരു കാറിലുമെത്തി.

രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ തടയാന്‍ ശ്രമിച്ച പോലീസുകാരന്റെ കാലിലൂടെ കൗറിന്റെ കാര്‍ കയറിയിറങ്ങി. ഇദ്ദേഹത്തിന് പരിക്കേറ്റു. ഖരഡിലെ ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 28 ഗ്രാം ഹെറോയിനും 1.56 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ലഹരി കടത്താന്‍ ഉപയോഗിക്കുന്നതെന്നു കരുതുന്ന നാലു കാറുകളും പിടിച്ചെടുത്തു.

ഡല്‍ഹി, ഹരിയാണ രജിസ്‌ട്രേഷനിലുള്ള നമ്പര്‍ പ്ലേറ്റുകളും ലഭിച്ചിട്ടുണ്ട്. 2017 മുതല്‍ 2022 വരെ ഫിറോസ്പുര്‍ റൂറല്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ.യായിരുന്നു കൗര്‍. നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ 2022-ല്‍ ബി.ജെ.പി.യിലെത്തി.

സത്ക്കാറിനെയും ഭര്‍ത്താവ് ജസ്മയില്‍ സിങ്ങിനെയും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് ബ്യൂറോ 2023-സെപ്റ്റംബറില്‍ അറസ്റ്റുചെയ്തിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. 2017-ല്‍ എം.എല്‍.എ. ആയിരുന്നപ്പോള്‍ അവര്‍ വരവിന്റെ 170 ശതമാനം ചെലവഴിച്ചെന്നാരോപിച്ചായിരുന്നു കേസ്.

 

BJP drug peddling