/kalakaumudi/media/media_files/2025/02/22/HMjZgfK823ma59Agxfua.jpg)
അഹമ്മദാബാദ്: ഭഗവാന്‍ ശ്രീകൃഷ്ണന്റെ നഗരമായ ദ്വാരക കണ്ടെത്താനുള്ള ശ്രമം തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അണ്ടര്‍ വാട്ടര്‍ ആര്‍ക്കിയോളജിക്കല്‍ വിംഗിലെ ഗവേഷകര്‍ കടലിനടിയില്‍ പരിശോധന ആരംഭിച്ചു. ദ്വാരകയുടെ ശേഷിപ്പുകള്‍ കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസം മുതലാണ് ദ്വാരക മുങ്ങിപ്പോയ അറബിക്കടലിന്റെ ഭാഗങ്ങളില്‍ ഗവേഷകര്‍ പരിശോധന ആരംഭിച്ചത്. കടലിനടിയില്‍ 300 അടി ആഴത്തിലാണ് ദ്വാരക ഉള്ളതെന്നാണ് നിഗമനം. ഇവിടെയെത്തി ദ്വാരകയുടെ ശേഷിപ്പുകള്‍ കണ്ടെത്തി ദ്വാരക നിലനിന്നിരുന്നതായി സ്ഥിരീകരിക്കുകയാണ് ഇവരുടെ ഉദ്ദേശം. എഎസ്ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണ് ചുമതല.
ഗംഗയുടെ കൈവഴിയായി ഒഴുകുന്ന ഗോമതി നദിയുടെ ഭാഗങ്ങളില്‍ ആണ് പ്രരംഭ പരിശോധന. ചരിത്രപ്രാധാന്യം ഏറ്റവും കൂടുതലുള്ള സ്ഥലമായതിനാലാണ് ഇവിടെ തുടക്കം കുറിച്ചത്. ഇന്ത്യ സമ്പന്നമായ സംസ്‌കാരവും പൈതൃകവും കണ്ടെത്തുക കൂടി പരിശോധനയുടെ ലക്ഷ്യമാണ്.
അതേസമയം ഇത് ആദ്യമായിട്ടല്ല ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ദ്വാരക കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. 1963 ല്‍ ആയിരുന്നു ആദ്യ ശ്രമം. ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഗവേഷണം ആരംഭിച്ചത്. ഈ ഗവേഷണത്തില്‍ 3000 വര്‍ഷം പഴക്കമുള്ള ചില മണ്‍കുടങ്ങളുടെയും പാത്രങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇതിന് ശേഷം 1980 ല്‍ അടുത്ത ശ്രമം നടന്നു. ഇതില്‍ 560 മീറ്റര്‍ നീളത്തിലുള്ള പാതയായിരുന്നു ഗവേഷകര്‍ കണ്ടെത്തിയത്. പിന്നീട് 2005 ലും 2007 ലും സമാന ശ്രമം ഉണ്ടായി. ഈ വര്‍ഷങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും നാവിക സേനയും സംയുക്തമായിട്ടായിരുന്നു പരിശോധന. ഈ വര്‍ഷങ്ങളില്‍ മണ്ണുകൊണ്ടുള്ള ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, ചെമ്പ് മോതിരം, ഇരുമ്പുകൊണ്ടുള്ള നഖങ്ങള്‍ എന്നിവ ആയിരുന്നു കണ്ടെത്തിയിരുന്നത്.
ഭഗവത് ഗീതയിലാണ് ദ്വാരകയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശം അടങ്ങിയിരിക്കുന്നത്. 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പണികഴിപ്പിച്ചതാണ് ദ്വാരക. 36 വര്‍ഷക്കാലും ശ്രീകൃഷ്ണന്‍ ദ്വാരക ഭരിക്കുകയും ചെയ്തു. പിന്നീട് ഈ നഗരം നദിയില്‍ മുങ്ങിയെന്നാണ് പറയപ്പെടുന്നത്.