ന്യൂഡല്‍ഹി: ടിബറ്റിനെ വിറപ്പിച്ച് വന്‍ ഭൂകമ്പം. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ആറോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. അതില്‍ ഏറ്റവും തീവ്രത കൂടിയത് റിച്ചര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പമാണ്.
ചൊവ്വാഴ്ച രാവിലെ ഒരു മണിക്കൂറോളം തുടര്‍ച്ചയായി ഭൂചലനമുണ്ടായി. ഭൂകമ്പത്തില്‍ മുപ്പതിനു മുകളില്‍ ആളുകള്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു.
ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിലെ ഡല്‍ഹി, എന്‍സിആര്‍, ബിഹാര്‍, ഉത്തരേന്ത്യയിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഭൂകമ്പത്തില്‍ 36 പേര്‍ ടിബറ്റന്‍ മേഖലയില്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 32 മരണങ്ങള്‍ സ്ഥിരീകരിച്ചതായും 38 പേര്‍ക്ക് പരിക്കേറ്റതായും ചൈനയിലെ സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ വന്‍ നാശനഷ്ടം ഉണ്ടായതായി സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിന്‍ഗ്രി മേഖലയില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞതായി ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള സിസാങ്ങില്‍ രാവിലെ 6:35 ന് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം ഉണ്ടായി. ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്സെയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. 4.7, 4.9 തീവ്രതയുള്ള രണ്ട് തുടര്‍ചലനങ്ങളും സിസാങ്ങില്‍ അനുഭവപ്പെട്ടു.