/kalakaumudi/media/media_files/2026/01/30/eco2-2026-01-30-16-05-39.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ വിവരവകാശ നിയമം പുനഃപരിശോധിക്കണമെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2025-26 സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടത്തിലും ഭരണഘടനാപരമായ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിലും ഈ നിയമം നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഇത് അനാവശ്യമായ ആകാംക്ഷയ്ക്കുള്ള ഉപകരണമാകരുത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നയരൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഫയല്‍ കുറിപ്പുകള്‍, കരട് രേഖകള്‍, ഉദ്യോഗസ്ഥരുടെ സര്‍വീസ് റെക്കോര്‍ഡുകള്‍ തുടങ്ങിയവ വെളിപ്പെടുത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സര്‍വേ പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്.പോളിസി തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പുള്ള ചര്‍ച്ചകള്‍, കുറിപ്പുകള്‍, വര്‍ക്കിംഗ് പേപ്പറുകള്‍ എന്നിവ അന്തിമ തീരുമാനമാകുന്നതുവരെ വിവരവകാശ നിയമത്തിന് പുറത്ത് നിര്‍ത്തണം.
ഉദ്യോഗസ്ഥരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും രേഖയില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫറുകള്‍, സര്‍വീസ് റെക്കോര്‍ഡുകള്‍, കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ 'പൊതുതാല്‍പ്പര്യമില്ലാത്ത' അപേക്ഷകളില്‍ നിന്ന് സംരക്ഷിക്കപ്പെടണം.
ഭരണപരമായ കാര്യങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് തടയാന്‍ പാര്‍ലമെന്ററി മേല്‍നോട്ടത്തിന് വിധേയമായി ഒരു മന്ത്രിതല വീറ്റോ അധികാരം കൊണ്ടുവരുന്ന കാര്യം ആലോചിക്കാവുന്നതാണ്.
യുഎസ്, യുകെ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവരവകാശ നിയമങ്ങളുമായി താരതമ്യം ചെയ്താണ് സര്‍വേ ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഈ രാജ്യങ്ങളില്‍ നയരൂപീകരണ ചര്‍ച്ചകള്‍ക്കും ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ക്കും കൂടുതല്‍ സുരക്ഷയുണ്ടെന്ന് സര്‍വേ അവകാശപ്പെടുന്നു.
എന്നാല്‍ ഇന്ത്യയില്‍ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും പൊതുമധ്യത്തില്‍ എത്തുന്നത് ഭരണപരമായ കാര്യക്ഷമതയെ ബാധിക്കുന്നുണ്ടെന്നും സര്‍വേ നിരീക്ഷിക്കുന്നു.
അതേസമയം, സാമ്പത്തിക സര്‍വേയിലെ ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വിവരവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സര്‍ക്കാര്‍ സുതാര്യത ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് അഞ്ജലി ഭരദ്വാജിനെ പോലുള്ള പ്രവര്‍ത്തകര്‍ ആരോപിച്ചു. നിലവില്‍ തന്നെ വിവരവകാശ നിയമത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഉണ്ടെന്നും പുതിയ ഭേദഗതികള്‍ നിയമത്തിന്റെ അന്തഃസത്ത തകര്‍ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഭരണനിര്‍വഹണത്തിലെ സുതാര്യത നിലനിര്‍ത്തിക്കൊണ്ടുതന്നെ, നയരൂപീകരണത്തിലെ സ്വതന്ത്രമായ ചര്‍ച്ചകള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയില്‍ നിയമം പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
