/kalakaumudi/media/media_files/2025/11/20/anil-2025-11-20-16-26-33.jpg)
മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള 1400 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) കണ്ടുകെട്ടി. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.
ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമുള്ള നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി അനില്‍ അംബാനിക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിന് പിന്നാലെയാണ് ഇഡി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഇതോടെ റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇഡി കണ്ടുകെട്ടുന്ന ആസ്തികളുടെ മൂല്യം 9,000 കോടിയായി ഉയര്‍ന്നു.
ജയ്പൂര്‍-രീംഗസ് ഹൈവേ പ്രോജക്റ്റില്‍ നിന്ന് 40 കോടി രൂപ വിദേശത്തേക്ക് കടത്താന്‍ അനില്‍ അംബാനി ഗ്രൂപ്പ് ശ്രമിച്ചതായാണ് ഇഡി ആരോപിക്കുന്നത്. സൂറത്തിലെ ഷെല്‍ കമ്പനികള്‍ വഴി ഈ പണം ദുബായിലേക്ക് കടത്തിയതായി ഇ.ഡി. പറയുന്നു.
600 കോടി രൂപയിലധികം വരുന്ന ഒരു വലിയ അന്താരാഷ്ട്ര ഹവാല ശൃംഖലയുടെ ഭാഗമാണെന്നാണ് ഇഡി കരുതുന്നത്. റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. അടുത്തിടെ 4,462 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. ഇതിനു പുറമെ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) ബാങ്ക് ലോണ്‍ കേസുമായി ബന്ധപ്പെട്ട് നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിലെ ഏകദേശം 132 ഏക്കര്‍ ഭൂമിയും കണ്ടുകെട്ടിയിരുന്നു. ഈ ഭൂമിയുടെ മൂല്യം ഏകദേശം 7,545 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നു.
ആര്‍കോം ബാങ്ക് തട്ടിപ്പ് കേസില്‍, തട്ടിപ്പ്, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെ തുടര്‍ന്നാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. 2010 നും 2012 നും ഇടയില്‍ ഇന്ത്യന്‍, വിദേശ ബാങ്കുകളില്‍ നിന്ന് 40,000 കോടി രൂപയിലധികം വായ്പയെടുത്ത ആര്‍കോമും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമാണ് ഈ അന്വേഷണത്തിന്റെ പരിധിയില്‍ വന്നത്. വായ്പാ അക്കൗണ്ടുകളില്‍ അഞ്ചെണ്ണം പിന്നീട് വായ്പ നല്‍കിയ ബാങ്കുകള്‍ തട്ടിപ്പായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
