അനില്‍ അംബാനിയുടെ 3,716 കോടിയുടെ വീട് ഇഡി കണ്ടുകെട്ടി

അംബാനിയുടെ ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഈ ബഹുനില വീട് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം 3,716.83 കോടി രൂപയാണെന്ന് ഇഡി അധികൃതര്‍ വ്യക്തമാക്കി

author-image
Biju
New Update
ANIL

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ 'അബോഡ്' എന്ന വീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 17 നിലകളുള്ള, 66 മീറ്റര്‍ ഉയരമുള്ള ഈ ആഡംബര വീട് മുംബൈയിലെ പാലി ഹില്‍ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അംബാനിയുടെ ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ  പ്രകാരമാണ് ഈ ബഹുനില വീട് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം 3,716.83 കോടി രൂപയാണെന്ന് ഇഡി അധികൃതര്‍ വ്യക്തമാക്കി.

രണ്ടാംഘട്ട ചോദ്യം ചെയ്യലിന് അനില്‍ അംബാനി ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇഡി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ആദ്യഘട്ട ചോദ്യം ചെയ്യലിന് അനില്‍ അംബാനി ഹാജരായത്. ഈ കേസില്‍ ഇതുവരെ കണ്ടുകെട്ടിയ ആസ്തിയുടെ മൊത്തം മൂല്യം ഏകദേശം 15,700 കോടി രൂപയായി ഉയര്‍ന്നതായും ഇഡി അറിയിച്ചു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും വായ്പകള്‍ വഴിതിരിച്ചുവിട്ടെന്നും ഉള്ള ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഇഡിയുടെ നടപടി.