/kalakaumudi/media/media_files/2025/01/24/3GKyblJWPuOY01lVDPQR.jpg)
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെയാണ് എട്ട് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ഗിരീഷ് സോണി, മദന്‍ ലാല്‍, വന്ദന ഗൗര്‍, രോഹിത് മെഹ്‌റൗലിയ, രാജേഷ് ഋഷി, ബി എസ് ജൂണ്‍, നരേഷ് യാദവ്, പവന്‍ ശര്‍മ എന്നിവരാണ് ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളാണ് രാജിക്ക് പിന്നിലെന്നായിരുന്നു സൂചന. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ രാജിവെച്ചത്.
ഭൂപീന്ദര്‍ സിങ് ജൂണിന്റേതായി പുറത്തുവന്ന രാജി പ്രസ്താവനയ്ക്ക് പിന്നാലെ മറ്റ് ആറുപേരും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ അഞ്ചാമത്തെ സ്ഥാനാര്‍ഥി പട്ടിക രണ്ട് ദിവസം മുമ്പാണ് എഎപി പുറത്തിറക്കിയത്. ഇപ്പോള്‍ രാജിവെച്ചവരുടെ സീറ്റില്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയതാണ് എംഎല്‍എമാരെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.