പഞ്ചാബിലെ ബട്ടിന്‍ഡയില്‍ ബസ് പാലത്തില്‍നിന്ന് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികള്‍ ഇടിച്ചുതകര്‍ത്തശേഷം ബസ് താഴേക്കു മറിയുകയായിരുന്നു. കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണു പ്രാഥമിക വിവരം.
തല്‍വണ്ടി സാബോ എന്ന പ്രദേശത്ത് നിന്ന് ബട്ടിന്‍ഡയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. ബസില്‍ ഇരുപതിലധികം യാത്രക്കാരുണ്ടായിരുന്നു. എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റേയും പോലീസിന്റേയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നുണ്ട്.
അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി ബട്ടിന്‍ഡ അര്‍ബന്‍ എം.എല്‍.എ. ജഗ്‌രൂപ് സിങ് ഗില്‍ അറിയിച്ചു. 18 യാത്രക്കാര്‍ ചികിത്സയിലാണ്.