ഏക്‌നാഥ് ഷിന്‍ഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഏക്‌നാഥ് ഷിന്‍ഡെയ്ക്കു തൊണ്ടയിലെ അണുബാധ, ക്ഷീണം, പനി എന്നിവയുണ്ടെന്ന് ശിവസേന നേതാവ് ഉദയ് സമന്ത് പറഞ്ഞു. അദ്ദേഹത്തെ രക്തപരിശോധനയ്ക്ക് വിധേയനാക്കും.

author-image
Prana
New Update
shinde

മഹാരാഷ്ട്രയില്‍ സര്‍ക്കാര രൂപീകരണചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെ കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഷിന്‍ഡെയുടെ ആരോഗ്യനില പൂര്‍ണ്ണമായി പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലേക്ക് പോകുന്നതിനിടെ, ആരോഗ്യനില സംബന്ധിച്ച ചോദ്യത്തിന് 'എല്ലാം നല്ലത്' എന്ന് ഷിന്‍ഡേ മറുപടി നല്‍കി.
ഏക്‌നാഥ് ഷിന്‍ഡെയ്ക്കു തൊണ്ടയിലെ അണുബാധ, ക്ഷീണം, പനി എന്നിവയുണ്ടെന്ന് ശിവസേന നേതാവ് ഉദയ് സമന്ത് പറഞ്ഞു. അദ്ദേഹത്തെ രക്തപരിശോധനയ്ക്ക് വിധേയനാക്കും. ഇതൊരു പതിവ് പരിശോധനയാണ്. അതിനുശേഷം അദ്ദേഹം മുംബൈയിലെ ഔദ്യോഗിക വസതിയായ വര്‍ഷയിലേക്ക് മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഷിന്‍ഡെ രോഗം ഭേദമായി സതാരയിലെ സ്വന്തം ഗ്രാമത്തില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.
അതേസമയം, ഡിസംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ബിജെപി ഒരുക്കങ്ങള്‍ സജീവമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതാവ് ഗിരീഷ് മഹാജന്‍ ഏക്‌നാഥ് ഷിന്‍ഡെയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

hospitalised eknath shinde chief minister maharashtra