മുംബൈ: മഹാരാഷ്ട്രയിൽ പശുമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് ട്രെയിനിൽ യാത്ര ചെയ്ത വൃദ്ധന് ക്രൂരമർദനം. നാസിക് ജില്ലയിലെ ഇഗത്പുരിയിലാണ് സംഭവം. ധൂലെ എക്‌സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന ജൽഗാവ് സ്വദേശിയായ ഹാജി അഷ്‌റഫ് മുൻയാറാണ് അക്രമത്തിനിരയായത്.
ഒരു കൂട്ടം ആളുകൾ ട്രെയിനിനുള്ളിൽ വയോധികനെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഷ്റഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പികളിൽ എന്താണെന്ന് ചോദ്യംചെയ്താണ് അക്രമം തുടങ്ങിയത്.
"എന്താണ് നിങ്ങൾ കൊണ്ടുപോകുന്നത്, നിങ്ങൾ എവിടെ പോകുന്നു, നിങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്നിങ്ങനെ ചോദ്യംചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. നിരവധി ആളുകൾ ട്രെയിനിലെ ഭീകരത കാണുന്നുണ്ടെങ്കിലും ആരും പ്രതികരിക്കാൻ തയാറാകാത്തതും ദൃശ്യങ്ങളിൽ കാണാം.
സംഭവം സ്ഥിരീകരിച്ചതായും വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും റെയിൽവേ കമ്മീഷണർ വ്യക്തമാക്കി. ധൂലെ സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.