ELECTION 2024 LIVE
സംസ്ഥാനത്തെ 28 ലോക്സഭ സീറ്റുകളില്‍ 15-20 സീറ്റുകളും കോണ്‍ഗ്രസ് നേടുമെന്ന് ഉറപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാധ്യമ സര്‍വേയാണ് എക്സിറ്റ് പോളുകളെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു. ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ മോദി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്നായിരുന്നു പ്രവചനം.ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍ ഭൂരിപക്ഷം നേടുമെന്നാണ് മിക്ക പോളുകളും പ്രവചിക്കുന്നത്. കര്‍ണാടക ബിജെപി-ജെഡി(എസ്) സഖ്യം തൂത്തുവാരുമെന്നും ഫലങ്ങള്‍ പറയുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ലെന്നുമാണ് പ്രവചനം. എന്നാല്‍ കര്‍ണാടകയില്‍ തങ്ങള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് സിദ്ധരാമയ്യ അവകാശപ്പെടുന്നത്. 'മോദി മീഡിയ പോള്‍' എന്ന് എക്സിറ്റ് പോളുകളെ രാഹുല്‍ ഗാന്ധി ഞായറാഴ്ച വിശേഷിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് യോജിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രിയും.